പുൽവാമ ആക്രമണത്തിന് പിന്നിൽ സുരക്ഷാ വീഴ്ച, മിണ്ടരുതെന്ന് മോദിയും ഡോവലും പറഞ്ഞു..! ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ന്യൂഡൽഹി: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ സുരക്ഷാ വീഴ്ചയാണെന്ന ഗുരുതര വെളിപ്പെടുത്തലുമായി ജമ്മു കാഷ്മീർ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്.

ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സത്യപാൽ മാലിക്കിന്‍റെ തുറന്നുപറച്ചിൽ.

പുൽവാമ ആക്രമണം സുരക്ഷാ വീഴ്ച മൂലം സംഭവിച്ചതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെയും ധരിപ്പിച്ചെങ്കിലും ഇക്കാര്യത്തിൽ മൗനം പാലിക്കാനാണ് ഇരുവരും ആവശ്യപ്പെട്ടതെന്നാണ് മാലിക് വെളിപ്പെടുത്തുന്നത്.

സര്‍ക്കാരിനും ബിജെപിക്കും തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാനാണ് അവർ ഇതിനെ ഉപയോഗിച്ചത്. ആക്രമണത്തിന്‍റെ പേരിൽ പാക്കിസ്ഥാനെ പഴിചാരാനും ഇതിലൂടെ ബിജെപിക്ക് തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാനുമായിരുന്നു ശ്രമമെന്നും മാലിക് തുറന്നടിച്ചു.

പ്രധാനമന്ത്രിക്ക് അഴിമതിയോട് എതിര്‍പ്പില്ലെന്നും അദ്ദേഹത്തിന് ഒപ്പമുള്ളവര്‍ അഴിമതിക്കാരാണെന്നും സത്യപാൽ മാലിക് അഭിമുഖത്തിൽ വിമർശിക്കുന്നു. 2019ൽ പുല്‍വാമയില്‍ ഭീകരാക്രമണമുണ്ടായപ്പോള്‍ സത്യപാല്‍ മാലിക് ആയിരുന്നു ജമ്മു കാഷ്മീർ ഗവര്‍ണർ.

Related posts

Leave a Comment