കൂത്തുപറമ്പ്: ജമ്മു കാശ്മീരിലെ പുൽവാമയിൽ വീര മൃത്യു വരിച്ച ധീര ജവാൻമാർക്ക് യുവ സൈനികന്റെ ബിഗ്സല്യൂട്ട്. പുതുതായി നിർമിച്ച തന്റെ വീടിന് പുൽവാമ എന്ന പേരിട്ടാണ് കൂത്തുപറമ്പിനടുത്ത് മൂര്യാട്ടെ സഹീർ വാലിഡി രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച നാല്പത് സൈനികർക്ക് ആദരവ് നൽകിയത്.
കാഷ്മീരിലെ രജൗറിയിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്ന സഹീർ ഒരു മാസത്തെ അവധിയെടുത്താണ് നാട്ടിലെത്തിയത്. നാട്ടിലെത്തി രണ്ടു ദിവസത്തിനു ശേഷമാണ് പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ നാൽപത് സൈനികർ വീരമൃത്യുവരിച്ച വാർത്ത അറിയുന്നത്.
ഈ ധീര സൈനികരോടുള്ള ആദരവും സ്നേഹവും ബഹുമാനവുമെല്ലാം മനസിൽ ചേർത്താണ് സ്വന്തം വീടിന് പുൽവാമ എന്ന പേര് നല്കിയതെന്ന് സഹീർ പറഞ്ഞു. അഞ്ചുമാസം മുമ്പെ വീട് നിർമാണം പൂർത്തിയാക്കി താമസം തുടങ്ങിയെങ്കിലും വീടിന് പേരിട്ടിരുന്നില്ല.
ദേശീയ പതാകയുടെ നിറത്തോടു കൂടിയ നെയിംബോർഡിൽ പേരിനൊപ്പംതോക്കേന്തിയ സൈനികന്റെ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. കായിക താരം കൂടിയായ സഹീർഒമ്പത് വർഷം മുമ്പാണ് മദ്രാസ് റജിമെന്റിന്റെ 122 ഇൻ ഫെന്ററി ബറ്റാലിയനിൽ സൈനികനായി ചേർന്നത്. ഏഴു വർഷത്തോളമായി കാഷ്മീരിലാണ്.
വിദ്യാർഥിയായ കാലം മുതലേ ക്രോസ് കൺട്രി ഇനത്തിൽ സംസ്ഥാന – ദേശീയ തലത്തിൽ നിരവധി മെഡലുകൾ നേടിയിട്ടുണ്ട്. ഒളിമ്പിക്സിൽ പങ്കെടുത്ത കേരളത്തിലെ കായിക താരങ്ങളുമായി നടത്തിയ അഭിമുഖം ഉൾപ്പെടുത്തി കൈരളിയുടെ ഒളിമ്പ്യൻമാർ, പ്രമുഖ കായിക താരങ്ങളെ കുറിച്ചുള്ള കായിക കേരളത്തിലെ സുവർണ നക്ഷത്രങ്ങൾ എന്നീ പുസ്തകങ്ങളും സഹീർ രചിച്ചിട്ടുണ്ട്.
പുതിയ വീടിന് പുൽവാമ എന്ന പേരിടാനുള്ള ആഗ്രഹംമുന്നോട്ടുവെച്ചപ്പോൾ ഭാര്യ തസ്മീന ഉൾപ്പെടെയുള്ളവർ സന്തോഷത്തോടെ പിന്തുണ നല്കിയെന്നും സഹീർ പറഞ്ഞു. ഒന്നര വയസുകാരൻ റിഹാൻ മകനാണ്.