ശ്രീകണ്ഠപുരം: പടിയൂർ കുയിലൂരിൽ പുലിയെ കണ്ടതായി നാട്ടുകാർ. പടിയൂർ-പൂവം റോഡിൽ തിങ്കളാഴ്ച രാത്രി ബൈക്ക് യാത്രികനായ ബിജുവാണ് പുലിയെ കണ്ടതെന്ന് പറയുന്നു. റോഡ് മുറിച്ച് കടക്കുന്നതിനിടെ ഇയാളെ പുലി ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ബൈക്ക് വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നുവത്രെ.
വിവരമറിഞ്ഞ് ഇരിക്കൂർ എസ്ഐ കെ.വി.മഹേഷിന്റെ നേതൃത്വത്തിൽ പോലീസും നാട്ടുകാരും സ്ഥലത്തെത്തി റബർ എസ്റ്റേറ്റ് കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
രണ്ടാഴ്ച മുമ്പ് സമീപ പ്രദേശമായ നീല നിരപ്പേൽ ചാക്കോയുടെ റബർ തോട്ടത്തിലെ ഉപയോഗശൂന്യമായ കിണറ്റിലും കൂറ്റാരപ്പള്ളിയിൽ അലൻ വീട്ടുപറമ്പിലും പുലിയെന്ന് കരുതുന്ന ജീവിയെ കണ്ടിരുന്നെങ്കിലും രക്ഷപ്പെടുകയായിരുന്നു.
കല്യാട് റോഡരുകിൽ ബസ് ഡ്രൈവറും ബൈക്ക് യാത്രികരും പുലിയെ കണ്ടതായി അഭ്യൂഹമുണ്ടായിരുന്നു. തുടർച്ചയായി ആളുകൾ പുലിയെ കാണുന്നതായി പ്രചാരണം ഉണ്ടായതോടെ നാട്ടുകാർ ഭീതിയിലാണ്.