ഇരിങ്ങാലക്കുട: ചെറുകിട കർഷകർക്ക് ജലസേചനത്തിനായി 17 വർഷം മുന്പ് നിർമിച്ച പടിയൂർ പഞ്ചായത്തിലെ ഷണ്മുഖം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾ നോക്കുകുത്തിയായി മാറി. ജനകീയാസൂത്രണ പദ്ധതി പ്രകാരം 2001 ൽ ആരംഭിച്ച പദ്ധതിയാണു കാലങ്ങളായിട്ടും വെള്ളമടി ക്കാൻ സാധിക്കാതെ നശിക്കുന്നത്.
പടിയൂർ ഗ്രാമപഞ്ചായത്തിലെ ഷണ്മുഖം കനാലിന്റെ ഇരുകരകളിലുമായി ലക്ഷങ്ങൾ മുടക്കിയാണു പദ്ധതികൾക്കുള്ള പന്പുസെറ്റുകളും പൈപ്പുകളും സ്ഥാപിച്ചത്. മോട്ടോർ സ്ഥാപിച്ച് അഞ്ചുവർഷം കഴിഞ്ഞാണു പദ്ധതിക്കുള്ള വൈദ്യുത കണക്ഷൻ ലഭിച്ചത്. ദിവസങ്ങൾക്കുള്ളിൽ സ്റ്റാർട്ടർ കത്തിപ്പോയതിനാൽ പന്പുസെറ്റ് പ്രവർത്തനം നിലച്ചു. മോട്ടോറുകളുടെ കേടുപാടുകൾ തീർക്കാതെ മാറിവന്ന ഭരണസമിതികൾ പലതവണ പണം ചെലവിട്ട് ജലവിതരണ പൈപ്പുകൾ സ്ഥാപിച്ചിരുന്നു.
സ്ഥാപിച്ച പൈപ്പുകൾ നിശ്ചിത ആഴത്തിൽ കുഴിയെടുക്കാതെ ഓടയിൽക്കിടന്ന് നശിച്ചു. 2009 ൽ പദ്ധതിക്കായി വാങ്ങിയ നിരവധി പൈപ്പുകളും പഞ്ചായത്ത് ആശുപത്രിക്കു സമീപമുള്ള പാടത്ത് വെയിലും മഴയുമേറ്റ് നശിക്കുകയാണ്. ഇനി ജലസേചനം ആരംഭിക്കണമെങ്കിൽ തറയടക്കം തകർന്ന മോട്ടോർ ഷെഡ് പുതുക്കിപണിയേണ്ട അവസ്ഥയിലാണ്.
ഇറിഗേഷൻ പദ്ധതി അവതാളത്തിലായതോടെ കൃഷിക്കാരുടെ പ്രതിഷേധം ശക്തമാണ്. ജലക്ഷാമം രൂക്ഷമായ പടിയൂരിലെ ജനങ്ങൾക്ക് കുടിവെള്ളത്തിനും കൃഷി ആവശ്യത്തിനും പ്രയോജനപ്പെടുന്ന പദ്ധതി ഉടൻ ആരംഭിക്കണമെന്നു കർഷകർ ആവശ്യപ്പെട്ടു.