ശശികുമാർ പകവത്ത്
തിരുവില്വാമല: രാജഭരണമൊക്കെ കഴിഞ്ഞെങ്കിലും രാജഭരണകാലത്തെ പന്പ് ഹൗസ് തിരുവില്വാമലയ്ക്ക് അഭിമാനമായിരുന്നു. എന്നാൽ ഈ രാജകാല പന്പ് ഹൗസും കോട്ടപോലുള്ള ജലസംഭരണിയും ഇനി കാഴ്ചവസ്തുമാത്രമായി മാറുമോ എന്നാണ് ആശങ്ക. കൊച്ചി രാജഭരണകാലത്ത് സ്ഥാപിച്ച പാന്പാടി പന്പ് ഹൗസിലെ മോട്ടോർ അടിക്കടി തകരാറിലായി കുടിവെള്ളം മുട്ടിക്കുന്പോൾ ഈ പന്പ് ഹൗസുകൊണ്ട് എന്തു ഗുണം എന്നും നാട്ടുകാർ ചോദിക്കുന്നു.
വേനൽ കനത്തതോടെ പന്പ് ഹൗസുകൂടി പണിമുടക്കിയപ്പോൾ ജനം കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്.
ആറു പതിറ്റാണ്ടു മുൻപ് കൊച്ചി രാജഭരണകാലത്ത് പ്രധാനമന്ത്രിയും ഗ്രാമക്ഷേമ മന്ത്രിയുമൊക്കെയായിരുന്ന തിരുവില്വാമലക്കാരനായ ടി.കെ.നായർ സ്ഥാപിച്ച 60 എച്ച് പിയുടെ മോട്ടോർ പന്പാണ് ഇവിടെ ഇപ്പോഴും പ്രവർത്തിക്കുന്നത്.
രണ്ടു ഷിഫ്റ്റുകളിലായി തുടർച്ചയായി മോട്ടോർ അടിച്ചാൽ പിന്നെ നാലു ദിവസം വിശ്രമത്തിലായിരിക്കും. പഴയകാലത്തെ ഈ മോട്ടോറിന്റെ സ്പെയർ പാർട്സ് കിട്ടാനില്ലെന്നതുകൊണ്ടു തന്നെ തുടർച്ചയായി എല്ലാ ദിവസവും പന്പിംഗ് ഉണ്ടാകാറില്ല. ഈ പന്പ് ഹൗസിൽ നിന്നും പന്പു ചെയ്യുന്ന വെള്ളം വില്വാദ്രിനാഥ ക്ഷേത്രത്തിന് സമീപമുള്ള വാട്ടർടാങ്കിലാണ് എത്തുക.
കരിങ്കല്ലുപയോഗിച്ച് കെട്ടിയ ഈ വാട്ടർ ടാങ്കിന് ഇപ്പോഴും കേടൊന്നുമില്ല. പഴയ മോട്ടോർ മാറ്റി പുതിയത് സ്ഥാപിച്ചാൽ കുറേ പ്രശ്നങ്ങൾ ഇല്ലാതാക്കാം. അധികൃതകരോട് പറഞ്ഞു പറഞ്ഞു മടുത്തിരിക്കുന്നു പരിസരവാസികൾ. കഴിഞ്ഞ ദിവസം കുത്താന്പുള്ളി ജലപദ്ധതിയിലെ രണ്ടു മോട്ടോറുകൾ കൂടി കേടായതോടെ കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുകയാണ്.
പ്രളയത്തിൽ കൂട്ടിൽമുക്ക് തടയണയിലെ ഷട്ടറുകൾ തകർന്ന് വെള്ളം ചോർന്നുപോകുന്നതിനാൽ വെള്ളമില്ലാത്ത സ്ഥിതിയുണ്ട്. വെള്ളമില്ലാതെ കിടക്കുന്ന രാജകാലത്തെ പന്പ് ഹൗസും ജലസംഭരണിയുമൊക്കെ ഇനി പുരാവസ്തു മ്യൂസിയം പോലെ സംരക്ഷിക്കേണ്ടി വരും.