സ്വന്തം ലേഖകൻ
തിരുവില്വാമല: പതിമൂന്നു പൈസ വളരെ നിസാരതുകയാണെന്നു തോന്നാം. എന്നാൽ ഇന്ധനവില ദിവസവും പത്തു പൈസയും പതിനൊന്നു പൈസയും പന്ത്രണ്ടു പൈസയുമൊക്കെയായി കയറുന്പോൾ പതിമൂന്നു പൈസ ചില്ലറക്കാര്യമല്ലെന്നും പതിമൂന്നു പൈസ അങ്ങനെ വിട്ടുകളയാൻ പറ്റില്ലെന്നും ഒരു വാഹനയുടമയുടെ എഫ്ബി പോസ്റ്റ് വൈറലായി.
വില കൂടുതലുണ്ടെങ്കിലും പെട്രോളടിക്കാതിരിക്കാനാവില്ലെന്നതിനാൽ നുള്ളിപ്പെറുക്കി 200 രൂപയ്ക്കു പെട്രോളടിക്കാനെത്തിയ തിരുവില്വാമല സ്വദേശി രാധാകൃഷ്ണനാണ് പന്പിലെ പിഴിയലിനെക്കുറിച്ച് എഫ്ബി പോസ്റ്റിട്ടത്.
99 രൂപ 87 പൈസയാണ് പെട്രോൾ ലിറ്ററിന് വില. പന്പുകാർ നൂറുരൂപ എന്ന കണക്കിലാണ് പെട്രോളടിക്കുന്ന മീറ്റർ സെറ്റു ചെയ്തിരിക്കുന്നത്. അതായത് ലിറ്ററിന് 13 പൈസ പന്പുകാർക്കു ലാഭം. രണ്ടു ലിറ്റർ പെട്രോളടിച്ചപ്പോൾ പന്പുകാർക്കു ലാഭം 26 പൈസയുടെ പെട്രോൾ.
ദിവസവും ഇത്തരത്തിൽ ലിറ്റർകണക്കിനു പെട്രോളടിച്ചു പോകുന്പോൾ പന്പുകാർക്ക് അത്യാവശ്യം നല്ല ലാഭമുണ്ടാകുമെന്ന് രാധാകൃഷ്ണൻ പറയുന്നു.
പന്പുകാരുടെ പിഴിയൽകൂടി സഹിക്കണോ എന്നാണ് ഇദ്ദേഹത്തിന്റെ ചോദ്യം. പലയിടത്തും ഇതുപോലെ പത്തും പന്ത്രണ്ടും പൈസ പന്പുകാർ ലാഭിക്കുന്നുണ്ടെന്നും ഉപഭോക്താക്കൾ ശ്രദ്ധിക്കാറില്ലെന്നും രാധാകൃഷ്ണൻ പറഞ്ഞു.
പതിമൂന്നു പൈസയ്ക്ക് പെട്രോൾ കൊടുക്കാനാവില്ലെന്നും പെട്രോൾ നൽകുന്ന മീറ്ററിൽ പതിമൂന്നു പൈസയ്ക്കൊന്നും അളവ് സെറ്റു ചെയ്യാനാകില്ലെന്നും പന്പുകാർ പറയുന്നു.
ഫേസ് ബുക്ക് പോസ്റ്റിട്ടയാളുടെ പരാതിയെതുടർന്ന് തലപ്പിള്ളി താലൂക്ക് സപ്ലൈ ഓഫീസർ ജോഷി ജോസഫ്, റേഷനിംഗ് ഇൻസ്പെക്ടർ കെ.വി.ജിജി എന്നിവർ പന്പിലെത്തി പരിശോധന നടത്തി.
റിപ്പോർട്ട് ജില്ലാ സപ്ലൈ ഓഫീസർക്കു കൈമാറുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.