മുക്കം: പ്രളയത്തിൽ വെള്ളം കയറി നശിച്ച പമ്പ് ഹൗസ് അറ്റകുറ്റപ്പണി നടത്തിപ്രവർത്തനസജ്ജമാവാത്തതോടെ കാരശേരി ഗ്രാമപഞ്ചായത്തിലെ കൂവപ്പാറ, മുരിങ്ങം പുറായി, മലാംകുന്ന്, ആനയംകുന്ന് നിവാസികൾ മൂന്ന് ആഴ്ചയായി കുടിവെള്ളമില്ലാതെ വലയുകയാണ്. മുക്കം കടവിൽ ജല അതോറിറ്റിയുടെ പമ്പ് ഹൗസ് മുഖേനയാണ് ഈ പ്രദേശങ്ങളിൽ വർഷങ്ങളായി കുടിവെള്ളം ലഭിച്ചിരുന്നത്.
പക്ഷെ പ്രളയത്തെ തുടർന്ന് പമ്പ് ഹൗസിന്റെ കിണർ ഫിൽട്ടറേഷൽ സംവിധാനം താറുമാറാവുകയായിരുന്നു . ചളിയും മണ്ണും കയറി വെള്ളം പമ്പ് ചെയ്യാനാനാകാതെ കുടിവെള്ള വിതരണം തടസപ്പെട്ടു.ആയിരത്തോളം കുടംബങ്ങൾക്കുള്ള കുടിവെള്ള വിതരണമാണ് അവതാളത്തിലായത്.
ജല അതോറിറ്റിയുടെ നേതൃത്വത്തിൽ കിണർ ഫിൽട്ടറേഷൻ അറ്റകുറ്റപണി ഈ മാസം രണ്ടാം തിയ്യതി തുടങ്ങിയെങ്കിലും ജലവിതരണം പല സങ്കേതിക പ്രതിസന്ധികളും മൂലം പുന:സ്ഥാപിക്കാനായില്ല .ഈ മാസം 18-നകം വാട്ടർ ഫിൽട്ടറേഷനും, ഗ്യാലറി സംവിധാനവും പുനഃസ്ഥാപിക്കാമെന്ന് ബന്ധ്ധപ്പെട്ടവർഅറിയിച്ചെങ്കിലും ഇതുവരെ പരിഹരിച്ചില്ല. ഈ പ്രദേശങ്ങളിൽ കുടിവെള്ളത്തിനായി മറ്റൊരു മാർഗവുമില്ല .
ഒരോ വീട്ടുകാരും മഴ പെയ്യുന്ന സമയങ്ങളിൽ മഴവെള്ളം ശേഖരിച്ച് കുടിവെള്ളത്തിനാവശ്യമായ വെള്ളം ടാങ്കുകളിൽ കരുതി വെക്കുകയാണ് ചെയ്യുന്നത്. കാരശേരി ഗ്രാമപഞ്ചായത്തിന്റെയും മുസ്ലിം യൂത്ത് ലീഗിന്റെയും നേതൃത്വത്തിൽ ലോറികളിൽ കുടിവെള്ളമെത്തിക്കുന്നത് ഒരു പരിധിവരെ പരിഹാരമായിരുന്നു. പക്ഷെ ഇക്കുറി പഞ്ചായത്ത് കുടിവെള്ള വിതരണം കുറച്ച്ദിവസം മാത്രമാണ് നടത്തിയത് .
അതേസമയം, മുടങ്ങി കിടക്കുന്ന ആനയാകുന്ന്, കൂവപ്പാറ പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുമെന്ന് ജല അതോറിറ്റി അസി. എന്ജിനിയര് അറിയിച്ചു. മുക്കം കടവിലെ പമ്പ് ഹൗസിലെ കിണർ ഫിൽട്ട റേഷൻ അറ്റകുറ്റപണി ഏതാണ്ട് പൂർത്തിയായെങ്കിലും വീണ്ടും പുഴയിൽ വെള്ളം ഉയർന്നതും പുഴയിലെ ഒഴുക്കും കാരണം പണി തടസ്സപ്പെടുകയായിരുന്നു. ദിവസവും, രണ്ട് ജോലിക്കാർ ഓക്സിജൻ സംവിധാനത്തിലുള്ള ഹെൽമെറ്റുകൾ ധരിച്ച് കിണറിൽ മുങ്ങി ചളിനീക്കൽ നടപടി തുടരുകയാണ്.