തളിപ്പറമ്പ്: വില കുറച്ചിട്ടും കൂടിയ വിലയ്ക്ക് ഡീസൽ വിറ്റതായി പരാതി. സംസ്ഥാന പാതയില്‍ മന്നയിലെ എന്എഫ്ഫ്യൂവല്സ് എന്ന പമ്പില്‍ ഇന്നലെ രാവിലെ മുതല്‍ ഡീസൽ അടിക്കാനെത്തിയവരില് നിന്നും കൂടിയ വിലയായ 61.77 ഈടാക്കിയതായാണ് പരാതി. ഇതേപ്പറ്റി പരാതി പെട്ടവരോട് ഞങ്ങള്‍ക്ക് വില കുറയ്ക്കാന്‍ നിര്‍ദേശം ലഭിച്ചില്ലെന്നായിരുന്നു പമ്പ് ജീവനക്കാരുടെ മറുപടി.
തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതലാണ് പെട്രോളിന് 2.16 രൂപയും ഡീസലിന് 2.10 രൂപയും കുറച്ചത്. എന്നാല്‍ നൂറുകണക്കിനാളുകളില്‍ നിന്ന് പഴയ വില തന്നെയാണ് ഇവിടെ നിന്നും ഈടാകകിയത്.
പലരും ബില്ല് ചോദിച്ചു വാങ്ങുകയും മീറ്ററിലെ വില മൊബൈല്‍ ഫോണ്‍ കാമറയില്‍ പകര്‍ത്തി ജില്ലാ പോലീസ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു.
ഇതേത്തുടര്‍ന്ന് തളിപ്പറമ്പ് പോലീസ് പമ്പിലെത്തി അന്വേഷിച്ചപ്പോള്‍ കംപ്യൂട്ടര്‍ തകരാറാണെന്നാണ് മറുപടി ലഭിച്ചത്. വില കൂട്ടി വിറ്റാല്‍ പമ്പ് പൂട്ടിക്കുമെന്ന് പോലീസ് കര്‍ശന നിലപാട് എടുത്തപ്പോഴാണ് വില കുറയ്ക്കാന്‍ തയാറായത്.
ഇവിടെ നിന്നും കൂടിയ വിലയ്ക്ക് ഡീസൽ അടിച്ച വാഹന ഉടമ രണ്ട് കിലോമീറ്റര്‍ അപ്പുറം എളമ്പേരംപാറയിലെ പമ്പില്‍ നിന്ന് ഡീസൽ അടിച്ചപ്പോള്‍ കുറഞ്ഞ വില തന്നെയാണ് വാങ്ങിയത്. കൂടുതലായി ഈടാക്കിയ തുക തിരിച്ചു തരണമെന്ന് ആവശ്യപ്പെട്ട് വാഹന ഉടമകളില്‍ ചിലര്‍ തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.