ആര്യനാട്: വിവാഹ വാഗ്ദാനം നൽകി പരിചയക്കാരനായ യുവാവും സുഹൃത്തുക്കളും കൂട്ടമാനഭംഗത്തിനിരയാക്കിയെന്ന യുവതിയുടെ പരാതിയിന്മേൽ രണ്ടു യുവാക്കളെ ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളനാട് ചക്കിപ്പാറ ഷൈൻ ഭവനിൽ ജസ്റ്റിൻ ലാസർ (32), ആര്യനാട് പുനലാൽ കുറക്കോട് ബിബിൻ ഭവനിൽ ജോയി (38) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 15നു രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. ജോലി സ്ഥലത്തേക്ക് പോകാനായി തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തു നില്ക്കുകയായിരുന്ന യുവതിയെ സുഹൃത്ത് ആൾപാർപ്പില്ലാത്ത കെട്ടിടത്തിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
യുവാവ് വിളിച്ചു വരുത്തിയ മറ്റു രണ്ട് യുവാക്കളും യുവതിയെ പീഡിപ്പിച്ചു. കൂടുതൽ പ്രതികൾ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.സംഭവശേഷം ജോലി സ്ഥലത്തേക്കുപോയ യുവതിക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ഫോണിലൂടെ മാതാവിനെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തായത്. തന്പാനൂർ പോലീസ് സ്റ്റേഷനിൽ ആദ്യം എത്തിയ കേസ് പിന്നീട് സംഭവം നടന്ന സ്ഥലപരിധിയിലുള്ള ആര്യനാട് പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.