പുനലൂർ: റെയിൽവേ ബ്രോഡ് ഗേജു പാതയുടെ നിർമാണം പൂർത്തിയാകുന്ന സാഹചര്യത്തിൽ കിഴക്കൻ മേഖല പ്രതീക്ഷയിൽ. 31 ന് ബ്രോഡ്ഗേജു പാത കമ്മീഷൻ ചെയ്യാൻ കഴിയുമെന്നാണ് ബന്ധപ്പെട്ടവർ പ്രതീക്ഷിയ്ക്കുന്നത്.
പാതയുടെ കമ്മീഷനിംഗ് നടക്കുന്നതോടെ നിരവധി ട്രെയിനുകൾ ചെന്നൈയിലേയ്ക്ക് ഇതുവഴി സർവീസ് നടത്തും. ഇത് തമിഴ്നാടുമായു ള്ള കേരളത്തിന്റെ വ്യാപാര ബന്ധം സുഗമമാക്കാനും ഉപകരിക്കും. ഇരുപതോളം ട്രെയിനുകൾ ഇതുവഴി ഓടുമെന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന വിവരം.
വളരെ വേഗം ചെന്നൈയിലെത്താനുള്ള എളുപ്പമാർഗം കൂടിയാണിത്. മാർച്ച് 31ന് പാത കമ്മീഷനിംഗ് ചെയ്യുമെന്നാണ് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുള്ളത്. എന്നാൽ കഴുതുരുട്ടി എം എസ് എൽ തുരങ്ക പാതയുടെ നിർമാണം നേരത്തെ ഏറെക്കുറെ പൂർത്തീകരിച്ചിരുന്നെങ്കിലും നിർമാണ പ്രവർത്തനങ്ങൾ അശാസ്ത്രീയമാണെന്നു കണ്ട് റെയിൽവേ ഉദ്യോഗസ്ഥർ തുരങ്കപ്പാതയുടെ മുൻവശം പൊളിച്ചുമാറ്റി വീണ്ടും നിർമാണ പ്രവർത്തനങ്ങൾ തുടരുകയാണ്.
അതു കൊണ്ടു തന്നെ പാതയുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ വീണ്ടും കാലതാമസം സൃഷ്ടിക്കുന്നുണ്ട്. ഉന്നത റെയിൽവേ ഉദദ്യോഗസ്ഥരെത്തുമ്പോൾ മാത്രം നിർമാണ പ്രവർത്തനങ്ങളുടെ വേഗം കൂട്ടും. പാതയുടെ കമ്മീഷനിംഗ് പൂർത്തിയാകുന്നതും കാത്ത് കിഴക്കൻ മേഖല വലിയ പ്രതീക്ഷയിലാണ്. പാതബ്രോഡ് ഗേജായതോടെ പുനലൂർ-ആര്യങ്കാവ് മേഖലയിൽ വളവുകൾ വർധിച്ചിട്ടുണ്ട്.
അതു കൊണ്ടു തന്നെ ട്രെയിനുകൾക്ക് വേഗത കുറയ്ക്കേണ്ടിയും വരും. റിയൽ വേ സേഫ്ടി കമ്മീഷണർ അടക്കമുള്ള ഉദ്യോഗസ്ഥർ പാതയിൽ അടിക്കടി പരിശോധനകൾക്കെത്തുന്നുണ്ട്. പാത കമ്മീഷനിംഗ് 31 ന് നടക്കുമെന്ന് അറിഞ്ഞതോടെ കിഴക്കൻ മേഖല ആഹ്ലാദത്തിലാണ്. തമിഴ്നാട്ടിലെത്താൻ കെഎസ്ആർടിസിയെ ആശ്രയിച്ചിരുന്നവർക്ക് ഏറെ ആശ്വാസമാണിത്.
റെയിൽവേ ഉദ്യോഗസ്ഥരുടെ ശക്തമായ ഇടപെടലുകളാണ് ബ്രേഡ്ഗേജ് പാതയുടെ നിർമാണ പ്രവർത്തനങ്ങൾ ഒടുവിൽ ദ്രുതഗതിയിൽ ആക്കിയിട്ടുണ്ട്. എടമണിലെ അലൈമെന്റ് നിർമാണവും മെറ്റൽ പാക്കിംഗ് ജോലികളും അവസാന ഘട്ടത്തിൽ ആണ്.