കൊല്ലം: പുനലൂർ- ചെങ്കോട്ട പാതയുടെ ഉദ്ഘാടനം ഒന്പതിന് ഉച്ചയ്ക്ക് 1.15 ന് കേന്ദ്ര റെയിൽവേ സഹമന്ത്രി രജൻ ഗോഹൈിൻ, കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അൽഫോണ്സ് കണ്ണന്താനത്തിന്റെ സാന്നിധ്യത്തിൽ നിർവഹിക്കുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി. അറിയിച്ചു.
കഴിഞ്ഞ ദിവസം ചെന്നൈയിൽ ദക്ഷിണമേഖല റെയിൽവേ ആസ്ഥാനത്ത് നടന്ന യോഗത്തിൽ ദക്ഷിണ മേഖലാ ജനറൽ മാനേജരുമായും ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷമാണ് വിവരം അറിയിച്ചത്. കൊല്ലം ലോകസഭാ മണ്ഡലത്തിലെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.
പാതയുടെ ഉദ്ഘാടനം കഴിഞ്ഞാൽ പ്രാഥമിക ഘട്ടമെന്ന നിലയിൽ പുനലൂർ പാലക്കാട് പാലരുവി എക്സപ്രസ് തിരുനെൽവേലി വരെയും പുനലൂർ – കൊല്ലം ചെങ്കോട്ട വരെയും കൊല്ലം – ഇടമണ് ചെങ്കോട്ട വരെയും ദീർഘിപ്പിക്കുവാനുളള നടപടി സ്വീകരിക്കും. ഇപ്പോൾ സെപ്ഷൽ ട്രെയിനായി ഓടികൊണ്ടിരിക്കുന്ന താന്പരം എക്സ്പ്രസ് ദിവസേന ഓടിക്കുന്നതിനു മുന്നോടിയായി ആദ്യഘട്ടത്തിൽ ആഴ്ചയിൽ മൂന്ന് ദിവസമായി സർവീസ് വർധിപ്പിക്കും.
ചെങ്കോട്ട വരെ ഓടുന്ന കോയന്പത്തൂർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, ചിലന്പ് എക്സപ്രസ് എന്നിവ കൊല്ലത്തേയ്ക്ക് ദീർഘിപ്പിക്കുന്നത് പരിഗണനയിലാണ്. കൊല്ലം വഴി നാഗൂർ – വേളാങ്കണി – രാമേശ്വരം എന്നീ തീർഥാടന കേന്ദ്രങ്ങളിലേയ്ക്കുളള സർവീസ് പരിഗണനയിലാണ്.
നേരിട്ടുളള സർവീസ് ആരംഭിക്കുന്നതു വരെ കൊല്ലത്ത് നിന്നു നാഗൂർ – വേളാങ്കണി-രാമേശ്വരം എന്നീ തീർഥാടന കേന്ദ്രങ്ങളിലേയ്ക്ക് യാത്ര ചെയ്യുവാൻ കഴിയുന്ന വണ്ണം താന്പരം എക്സ്പ്രസ് ലിങ്ക് ചെയ്ത് പാസഞ്ചർ ട്രെയിനുകൾ ആരംഭിക്കുന്നതിനുളള നടപടികൾ അടിയന്തിരമായി സ്വീകരിക്കും.
മലയാളികളുടെ സൗകര്യം പരിഗണിച്ച് താന്പരം എക്സ്പ്രസ് എഗ്മൂർ വരെ നീട്ടുകയോ അല്ലെങ്കിൽ എഗ്മൂർ നിന്ന് കൊല്ലത്തേയ്ക്ക് പുതിയ തീവണ്ടി ആരംഭിക്കുന്നതിനുളള സാധ്യതകൾ പരിശോധിച്ചു വരികയാണ്. വിനോദ സഞ്ചാര സാധ്യത കണക്കിലെടുത്ത് താന്പരം എക്സ്പ്രസിൽ വിസ്റ്റാഡോം കോച്ച് പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തും. പുനലൂർ ചെങ്കോട്ട വഴി നിസാമുദീൻ വരെ പോകുന്ന ട്രെയിനും പരിഗണനയിലാണ്.
കൂടാതെ എൻ.കെ. പ്രേമചന്ദ്രൻ എംപി. നിർദേശിച്ച പുതിയ 14 ട്രെയിനുകൾ സാങ്കേതിക സാധ്യതാ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഘട്ടം ഘട്ടമായി പരിഗണിക്കാമെന്ന് റെയിൽവേ ജനറൽ മാനേജർ ഉറപ്പു നൽകി.
പുനലൂർ ചെങ്കോട്ട പാതയിലെ കൊടിയ വളവുകളും ടണലുകളും പാലങ്ങളും സവിശേഷമായ ഭൂപ്രകൃതിയും കാരണം വേഗത 30 കിലോമീറ്ററായി നിജപ്പെടുത്തിയിരിക്കുന്നതിനാലും കൂടുതൽ പവർ കൂടിയ എൻജിനുകൾ ആവശ്യമായതിനാലും സാങ്കേതികമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഘട്ടം ഘട്ടമായി മാത്രമേ കൂടുതൽ ട്രെയിനുകൾ പാതയിലുടെ സർവീസ് നടത്തുവാൻ കഴിയുകയുളളുവെന്ന് ജനറൽ മാനേജർ അറിയിച്ചു.
കൊല്ലത്ത് രണ്ടാം ടെർമിനലിന്റെ പണി സയമബന്ധിതമായി പൂർത്തീകരിക്കുവാൻ ആവശ്യമായ നിർദ്ദേശം തിരുവനന്തപുരം റെയിൽവേ ഡിവിഷന് നൽകിയിട്ടുണ്ടെന്നും ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിക്കുന്ന ഫൂഡ് ഓവർ ബ്രിഡ്ജിന്റെ പണി അടിയന്തിരമായി പൂർത്തീകരിക്കുവാനും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ജനറൽ മാനേജർ അറിയിച്ചു. കൊല്ലം റെയിൽവേ സ്റ്റേഷനിൽ പിറ്റ് ലൈൻ, മെയിന്റനൻസ് യാർഡ്, മൾട്ടിലെവൽ പാർക്കിംഗ് കോംപ്ലക്സ് എന്നിവയ്ക്കുളള സാധ്യതാ പഠനം നടത്തും.
റെയിൽവേ അംഗീകരിച്ചിട്ടുളള മേൽപ്പാലങ്ങളും അടിപ്പാതകളുടെയും നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കുവാൻ പരീക്ഷിച്ചു വിജയിച്ച മഹാരാഷ്ട്ര മോഡൽ പദ്ധതി സമർപ്പിച്ചിട്ടുണ്ടെന്നും അംഗീകാരം ലഭിച്ചാൽ സമയബന്ധിതമായി പണി പൂർത്തീകരിക്കാൻ കഴിയുമെന്നും ദക്ഷിണ റെയിൽവേ ജനറൽ മാനേജർ അറിയിച്ചു.
അനന്തപുരി എക്സ്പ്രസിനു പരവൂർ, വേണാട് എക്സ്പ്രസിനു പെരിനാട് എന്നീ സ്റ്റോപ്പുകൾ അനുവദിക്കണമെന്നുളള എംപി യുടെ ആവശ്യം പരിഗണനയിലാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.കെ. കുൽശ്രേഷ്ഠ, പ്രിൻസിപ്പൽ ചീഫ് ഓപ്പറേഷൻ മാനേജർ എസ്. അനന്തരാമൻ, ചീഫ് പാസഞ്ചർ ട്രാഫിക് മാനേജർ എസ്. ജഗനാഥൻ, സിസിഎം , പി.എം ജെ. വിനയൻ എന്നിവരുമായി എൻ.കെ. പ്രേമചന്ദ്രൻ എംപി നടത്തിയ ചർച്ചയിലാണ് ധാരണയായത്.