പുനലൂർ: ലോക് ഡൗൺ നിയന്ത്രണത്തിനിടെ പോലീസിന്റെ അനാസ്ഥ മൂലം താലൂക്ക് ആശുപത്രിയിൽ നിന്നും ഡിസ്ചാർജായ പിതാവിനെ മകൻ ചുമക്കേണ്ടി വന്ന സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി വിനോദ് കുമാറിനാണ് അന്വേഷണ ചുമതല.
ഇതിന്റെ ഭാഗമായി പോലീസുകാരിൽ നിന്നും മൊഴിയെടുത്തു. താലൂക്കാശുപത്രിയിലെത്തിയും മൊഴിയെടുത്തിട്ടുണ്ട്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി വീട്ടിലെത്തിയ കുളത്തൂപ്പുഴ സ്വദേശി ജോർജ്, മകൻ റോയി എന്നിവരിൽ നിന്നും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
സിസിടിവി ദൃശൃങ്ങളും അന്വേഷണ സംഘം പരിശോധനയ്ക്ക് വിധേയമാക്കി. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സിഐയ്ക്കും എസ്ഐയ്ക്കുമെതിരെ നടപടിയ്ക്കു സാധ്യതയുണ്ടെന്നാണ് അറിയുന്നത്.
അതേസമയം സംഭവത്തിൽ വിശദീകരണവുമായി പോലീസ് ഉദ്യോഗസ്ഥൻ രംഗത്തെത്തി. പോലീസ് ഓട്ടോ തടഞ്ഞുവച്ചിരുന്നില്ലെന്നും സാധാരണ പരിശോധന നടത്തുക മാത്രമാണ് ചെയ്തതെന്നും പുനലൂർ സിഐ ബിനു വർഗീസ് അറിയിച്ചു.സംഭവത്തിൽ പോലീസുകാർക്ക് പങ്കില്ലെന്നാണ് സിഐയുടെ വിശദീകരണം.
കേരളത്തിന് നാണക്കേടുണ്ടാക്കിയ ഈ സംഭവത്തിൽ പരക്കെ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് പോലീസ് വിശദീകരണവുമായി രംഗത്തുവന്നത്.
സംഭവത്തോടു കൂടി പുനലൂരിൽ പോലീസ് സംഘം ഇന്നലെ മുതൽ കർശന നിലപാടാണ് സ്വീകരിച്ചു വരുന്നത്. അനാവശ്യ കാര്യങ്ങൾക്ക് വാഹനവുമായി ഇറങ്ങുന്നവർക്കെതിരെ കർശന നിലപാടാണ് സ്വീകരിച്ചത്.
സമൂഹ മാധ്യമങ്ങളിലൂടെ തന്നെയും കുടുംബത്തെയും ആക്ഷേപിച്ചവർക്കെതിരെ പോലീസിൽ പരാതി നൽകുമെന്ന് ജോർജിന്റെ മകൻ റോയി മോൻ പറഞ്ഞു. വളരെ മോശമായ രീതിയിൽ തന്റെ കുടുംബത്തിനെതിരെ പോലും ചിലർ അക്ഷേപം ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റോയി മോൻ പരാതി നൽകാൻ തീരുമാനിച്ചത്. ു