പുനലൂർ: കൊല്ലത്ത് നിന്ന് പുനലൂർ ഭാഗത്തേക്കുള്ള രണ്ട് പാസഞ്ചർ ട്രെയിനുകൾ നിർത്തലാക്കാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി സിപിഎം രംഗത്ത്. കേന്ദ്ര സർക്കാരിനന്റേയും റെയിൽവേയുടെയും ജന വിരുദ്ധ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പുനലൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ 22 ന് 10 ന് പുനലൂർ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്ന് ഏരിയാ സെക്രട്ടറി എസ് ബിജു അറിയിച്ചു.
ആയിരക്കണക്കിന് യാത്രക്കാരെ വലയ്ക്കുന്ന തീരുമാനം റെയിൽവേ കൈക്കൊണ്ടിട്ടും പ്രതികരിക്കാനോ റെയിൽവേ മന്ത്രാലയത്തിൽ ഇടപെടാനോ കൊല്ലം മാവേലിക്കര എം പിമാർ തയാറായിട്ടില്ല. ഈ നടപടിയും പ്രതിഷേധാർഹമാണ്. കൊല്ലത്ത് നിന്ന് ദിവസവും 6.25 ന് പുറപ്പെടുന്ന കൊല്ലം പുനലൂർ പാസഞ്ചറും 8.40 ന് ഉള്ള കൊല്ലം ഇടമൺ പാസഞ്ചറുമാണ് നിർത്തലാക്കാൻ കഴിഞ്ഞ 12 ന് റെയിൽവേ ബോർഡ് ഉത്തരവിറക്കിയിട്ടുള്ളത്.
വിദ്യാർഥികളും സർക്കാർ – സ്വകാര്യ സ്ഥാപന ജീവനക്കാർ, ചെറുകിട കച്ചവടക്കാർ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന ട്രെയിനുകൾ നിർത്തലാക്കുന്നത് കിഴക്കൻ മേഖലയിലെ യാത്രാക്ലേശം രൂക്ഷമാക്കും. സീസൺ ടിക്കറ്റുകാരാണ് യാത്രക്കാരിൽ മിക്കവരും. പകൽ 10.30 ന് കൊല്ലത്ത് നിന്ന് പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങുമെന്നാണ് റെയിൽവേയുടെ വാദം.
എന്നാൽ ഈ ട്രെയിനിലെ യാത്ര വിദ്യാർഥികൾക്കും ജീവനക്കാർക്കും പ്രയോജനപ്പെടില്ല. കൊല്ലത്തു നിന്നുള്ള 11.20 നുള്ള പാസഞ്ചർ ട്രെയിനും നിർത്തലാക്കാനാണ് നീക്കം. ചെങ്കോട്ട പുനലൂർ ബ്രോഡ് ഗേജ് പാതയുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നിട്ടും ട്രെയിൻ സർവീസുകൾ ഇടമണിൽ അവസാനിപ്പിക്കുകയാണ്.
ട്രെയിനുകൾ ചെങ്കോട്ട വരെ ദീർഘിപ്പിക്കാനോ താംബരം എക്സ്പ്രസ് എല്ലാ ദിവസവും സർവീസ് നടത്തുമെന്ന റെയിൽവേ സഹമന്ത്രിയുടെ പ്രഖ്യാപനം നടപ്പാക്കാനോ അധികൃതർ തയാറായിട്ടില്ല.കിളികൊല്ലൂർ മുതൽ ഭഗവതിപുരം വരെയുള്ള റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകിയിട്ടുമില്ല.