പുനലൂർ: കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് വൻതോതിൽ സർവീസുകൾ വെട്ടി കുറച്ചു. യാത്രക്കാർ വലയുന്നു.നിലവിൽ 72 സർവീസുകളുള്ള ഡിപ്പോയിൽ നിന്ന് 50ൽ താഴെ സർവീസുകൾ മാത്രമാണ് ഇപ്പോൾ ഓപ്പറേറ്റ് ചെയ്യുന്നത്. ഗ്രാമീണ മേഖലകളിലേക്കുള്ള ഏതാണ്ട് മുഴുവൻ സർവീസുകളും റദ്ദ് ചെയ്തിരിക്കുകയാണ്.
സർവീസുകൾ വൻതോതിൽ വെട്ടിക്കുറയ്ക്കുന്നത് പ്രദേശത്ത് യാത്രാക്ലേശത്തിന് ഇടയാക്കിയിട്ടുണ്ട്. കുമരംകുടി, ചെമ്പനരുവി, കമുകുംചേരി, നരിയ്ക്കൽ, വിളക്കുപാറ, ആനപെട്ടകോങ്കൽ, ആയിരനല്ലൂർ, കടയ്ക്കൽ ഭാഗങ്ങളിലേക്കുള്ള സർവീസുകൾ വെട്ടിക്കുറച്ചിരിക്കുകയാണ്.
ഈ നടപടി വ്യാപക പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. ഗ്രാമീണ മേഖലകളിലേക്ക് പോകാൻ ബദൽ സംവിധാനങ്ങൾ ഒന്നുംതന്നെയില്ല. ഇവിടെ കെഎസ്ആർടിസി സർവീസുകളെ മാത്രമാണ് ആശ്രയിച്ചിരിക്കുന്നത്. ഈ സാഹര്യത്തിലാണ് സർവീസ് വെട്ടിക്കുറച്ചത്. ഇതേതുടർന്ന് യാത്രക്കാർ പ്രതിഷേധവുമായി രംഗത്ത് വരുന്നുണ്ട്.
ചെയിൻ സർവീസുകൾ നടത്താനാണ് കെഎസ്ആർടിസി അധികൃതർക്ക് താല്പര്യമെന്നാണ് ആക്ഷേപമുയരുന്നത്. സർവീസുകൾ വെട്ടിക്കുറച്ച നടപടിയ്ക്കെതിരെ സിപിഐ പുനലൂർ മണ്ഡലം കമ്മിറ്റിയും പ്രതിഷേധവുമായി രംഗത്തെത്തി.
സർവീസുകൾ ഉടൻ പുനരാരംഭിക്കാത്ത പക്ഷം ഇതിനെതിരെ സംഘടിച്ച് സർവീസുകൾ തടഞ്ഞുകൊണ്ട് പ്രതിഷേധിക്കുമെന്ന് സിപിഐ മണ്ഡലം സെക്രട്ടറി സി. അജയപ്രസാദ് മുന്നറിയിപ്പ് നൽകി.
ഏഴായിരം രൂപയിൽതാഴെ കളക്ഷൻ ലഭിക്കുന്ന റൂട്ടുകളിലേക്ക് സർവീസ് നടത്തേണ്ടെന്ന നിലപാടിലാണ് ഡിപ്പോ അധികൃതർ. എന്നാൽ ചില യൂണിയൻ നേതാക്കളുടെ താല്പര്യപ്രകാരം കളക്ഷനില്ലാത്ത റൂട്ടുകളിലേക്ക് സർവീസ് നടത്തുന്നുണ്ട് ഇതും വിവാദമായിട്ടുണ്ട്.
മഴക്കാലമായതോടെ ഡിപ്പോയിലേക്ക് കയറാൻ പോലും കഴിയാത്ത അവസ്‌ഥയാണ്. ഡിപ്പോ ചെളിക്കുഴിയായി മാറിക്കഴിഞ്ഞു. നേരത്തെ മണ്ണെടുത്തിട്ട ഭാഗത്ത് വെള്ളംകൂടി കെട്ടി നിന്ന് ചെളി നിറഞ്ഞ അവസ്‌ഥയിലാണ്. നവീകരണത്തിനായി കോടികൾ മുടക്കിയ ഡിപ്പോ ഇന്ന് അവഗണനയിലാണ്.ഡിപ്പോ മാനേജ്മെന്റിന്റെ നിർദേശാനുസരണം എ പൂൾ, ബി പൂൾ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിച്ച് ചെയിൻ സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്.