പത്തനംതിട്ട: പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ യാത്ര ദുരിതപൂർണമായി. ശക്തമായ മഴയിൽ റോഡിന്റെ തിട്ട പലഭാഗങ്ങളിലും ഇടിഞ്ഞു താഴ്ന്നു. ഇതോടൊപ്പം വൻ കുഴികളും റോഡിലുടനീളം രൂപപ്പെട്ടു. പത്തനാപുരം മുതൽ റാന്നി – പ്ലാച്ചേരി വരെയുള്ള ഭാഗത്തെ യാത്രയാണ് ഏറെ നരകതുല്യമായത്. മഴ ശക്തമായതോടെ റോഡിന്റെ നില ഏറെ ശോചനീയമാകുകയായിരുന്നു.
കഐസ്ടിപിയുടെ റോഡുവികസന പദ്ധതിയിലുൾപ്പെട്ട പിഎം റോഡിന്റെ പുനലൂർ – പൊൻകുന്നം ഭാഗം അനാഥമായി കിടക്കുകയാണ്. ഫണ്ടിന്റെ അഭാവത്തിൽ റോഡിന്റെ പണികൾ തടസപ്പെട്ടതോടെയാണ് തകർച്ച പൂർണമായത്. വർഷങ്ങളായി റീടാറിംഗോ നവീകരണ ജോലികളോ ഇല്ല. ശബരിമല തീർഥാടനകാലത്ത് കുഴി അടയ്ക്കൽ മാത്രമാണ് നടക്കുന്നത്.
മലയോര മേഖലകളിലൂടെയുള്ള സംസ്ഥാനപാതയിൽ കഐസ്ആർടിസിയുടെ ദീർഘദൂര സർവീസുകളുൾപ്പെടെ ഓടുന്നതാണ്. ശബരിമല തീർഥാടനപാതയിലെ പ്രധാന വഴി കൂടിയാണിത്.മൈലപ്രയ്ക്കും മണ്ണാരക്കുളഞ്ഞിക്കും മധ്യേ റോഡിലെ മൂന്നു പ്രധാന വളവുകളും അപകടക്കെണിയായി മാറിയിരിക്കുന്നു. വളവുകളിൽ തിട്ട ചേർന്നാണ് വാഹനങ്ങൾ പോകുന്നത്.
ഈ ഭാഗങ്ങളിൽ സുരക്ഷാ സംവിധാനങ്ങളില്ല. മൈലപ്ര ഒന്നാംവളവിൽ റോഡ് ഏറെ അപകടസ്ഥിതിയിലാണ്. മണ്ണാരക്കുളഞ്ഞി ഭാഗത്തേക്കുള്ള വാഹനങ്ങൾ സൈഡ് ചേർന്നു പോകുന്പോൾ അപകട സാധ്യത നിഴലിക്കുന്നു. രണ്ടാം കലുങ്കിലും സ്ഥിതി വ്യത്യസ്തമല്ല. റോഡിന്റെ തകർച്ചയാണ് ഈ ഭാഗത്തും അപകടഭീഷണിയാകുന്നത്.
മണ്ണാരക്കുളഞ്ഞി വളവിലും റോഡ് തകർച്ചയിലാണ്. തിട്ട ഇടിഞ്ഞ ഭാഗത്ത് ചരടുവലിച്ചു കെട്ടിയിരിക്കുകയാണ്. പാത മുൻ നിശ്ചയമില്ലാത്ത ഡ്രൈവർമാർ അരികു ചേർത്ത് വാഹനം ഓടിച്ചാൽ അപകടം ഉറപ്പാണ്. വളവുകളിലെ കുഴി ഒഴിവാക്കാൻ വാഹനം അരികു ചേർക്കുന്നതും അപകടമുണ്ടാക്കും.
റോഡിലെ വൻകുഴികളാണ് ഏറെ അപകടകരം. ഇതൊഴിവാക്കാനായി വാഹനങ്ങൾ വെട്ടിക്കുന്നതോടെ അപകടങ്ങൾ വർധിക്കുന്നു. കുഴി വെട്ടിച്ച് നിയന്ത്രണം വിട്ട് ഇതിനോടകം നിരവധി അപകടങ്ങൾ പാതയിലുണ്ടായി. അടിയന്തര അറ്റകുറ്റപ്പണി പിഎം റോഡിൽ ഉണ്ടാകണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.
എന്നാൽ കഐസ്ടിപി റോഡുവികസന പദ്ധതിയുടെ പേരു പറഞ്ഞ് ജോലികൾ നടത്താൻ പിഡബ്ല്യുഡി തയാാകുന്നില്ല. റാന്നി ബ്ലോക്കു പടി ചെത്തോങ്കര വരെ റോഡിന്റെ സ്ഥിതി ഏറെ ശോചനീയമാണ്. വലിയ വാഹനങ്ങൾ പോലും കുഴികളിൽ വീണ് പ്ലേറ്റ് ഒടിയുന്നത് പതിവായി. ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷകൾ എന്നിവയും ഏറെ ബുദ്ധിമുട്ടുന്നു.