പുനലൂർ: പോലീസ് അറസ്റ്റ് ചെയ്ത പ്രതിക്ക് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച സംഭവുമായി ബന്ധപ്പെട്ട് പുനലൂർ ഇപ്പോൾ സമൂഹ വ്യാപന ഭീതിയിൽ ആണ്.
ഇതെ തുടർന്ന് പുനലൂരിലെ ചെമ്മന്തൂർ, മൂസാവരി, നെടുംകയം, ചാലക്കോട്, ടൗൺ എന്നീ വാർഡുകൾ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിക്കുകയും കടുത്ത നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഇവിടെ വാഹന ഗതാഗതം നിയന്ത്രിക്കുകയും കടകൾ അടയ്ക്കുകയും ചെയ്തു.
ഇയാളുടെ രോഗത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇയാളുമായി സമ്പർക്കം ഉണ്ടായ 29 പോലീസുകാരിൽ 15 പേർ മാത്രം ആണ് നിലവിൽ ക്വാറന്റൈനിൽ പോയിട്ടുള്ളത്.
പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്നവരിൽ 50 ശതമാനം പേർ ഡ്യൂട്ടിയിൽ ആയിരിക്കുമ്പോൾ 50 ശതമാനം പേർ വിശ്രമത്തിലായിരിക്കണം എന്നാണ് സർക്കാർ നയം. മുഖ്യമന്ത്രിയും ഡിജിപിയും ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്.
എന്നാൽ പ്രതിയെ അറസ്റ്റ് ചെയ്ത കാലയളവിൽ എല്ലാ പോലീസുകാരും ഡ്യൂട്ടിയിലായിരുന്നു. സർക്കാർ നിർദേശം നടപ്പാക്കാത്തതിന്റെ വീഴ്ച മറയ്ക്കുന്നതിനു വേണ്ടിയാണ് സമ്പർക്കം ഉണ്ടായിട്ടും 15 പേരെ മാത്രം നിരീക്ഷണത്തിൽ വിട്ടതെന്ന് ആരോപണമുണ്ട്. ആകെ 29 പേരാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്.
14 പേർ ഇപ്പോഴും വിവിധ ഡ്യൂട്ടികൾ ചെയ്തു വിവിധ മേഖലകളിൽ ഇടപെടുന്നത് കനത്ത ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഇത് പോലീസുകാരിലൂടെ സമൂഹ വ്യാപനത്തിന് ഇടയാക്കുമോ എന്ന ആശങ്ക ഉയർത്തുന്നു. ആരോഗ്യ വകുപ്പിന്റെ ലിസ്റ്റിൽ 29 പോലീസുകാരും ക്വാറന്റൈനിൽ അയക്കണം എന്നായിരുന്നു നിർദേശം.
കോവിഡ് പോസിറ്റീവായ പ്രതി 24 മണിക്കൂറിലേറെ സ്റ്റേഷനിലുണ്ടായിരുന്നു. റെസ്റ്റ് റൂമിൽ പോലീസുകാർ വിശ്രമിക്കുന്ന കട്ടിലിലാണ് 65 കാരനായ പ്രതി ഉറങ്ങിയത്. ഇത്തരം ഒരു സാഹചര്യത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ പോലീസുകാരും ആശങ്കയിലാണ്.
ക്വാറന്റൈയിൻ അയക്കാത്ത 14 പോലീസുകാർ ഇപ്പോൾ പട്രോൾ ഡ്യൂട്ടിയിലും സ്റ്റേഷൻ ഡ്യൂട്ടിയിലുമാണ്. ഇവരോടൊപ്പം മറ്റ് സ്റ്റേഷനിൽ നിന്ന് താത്കാലികമായി എത്തിയ പോലീസ് ഉദ്യോഗസ്ഥരും രോഗബാധയുണ്ടാകുമോ എന്ന ഭയത്തോടെ ജോലി ചെയ്യുന്നു.
ക്വാറന്റൈയിനിൽ പോകാത്ത 14 പോലീസുകാർ ഡ്യൂട്ടിക്ക് പോകുമ്പോൾ നാട്ടുകാർ ഭീതിയിലാണ്. തങ്ങൾ ഒരു തരം സാമൂഹ്യ വിലക്ക് നേരിടുന്നു എന്നതാണ് ഈ പോലീസുകാരുടെ പരാതി.
ഗുരുതരമായ സാമൂഹ്യ വ്യാപന ആശങ്കയാണ് ഈ വിഷയം നൽകുന്നത്. അങ്ങനെ സംഭവിച്ചാൽ അതിന് ഉത്തവാദികൾ പോലീസിലെ ഉന്നത ഉദ്യോഗസ്ഥരും ശക്തമായ നടപടി എടുക്കാത്ത ആരോഗ്യ വകുപ്പും ആയിരിക്കും.