പുനലൂര്‍ : ടൂറിസം വകുപ്പ് പുനലൂരില്‍ കല്ലടയാറിനോട് ചേര്‍ന്ന് നിര്‍മിക്കുന്ന പാര്‍ക്ക് ഓണത്തിന് തുറക്കാനായില്ല. സ്ഥലം എം.എല്‍.എ.യായ മന്ത്രി കെ.രാജു രണ്ടുമാസം മുന്‍പ് പുനലൂരില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പാര്‍ക്ക് ഓണത്തിന് തുറക്കാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിരുന്നതാണ്.
എന്നാല്‍ ഇതിനുശേഷം നാമമാത്രമായ ജോലികള്‍ പോലും ഇവിടെ നടന്നില്ല. മുന്‍പ് നടന്ന പ്രാഥമിക നിര്‍മാണ പ്രവൃത്തികള്‍ കാണാനാകാത്ത വിധം ഇവിടം കാട് മൂടുകയും ചെയ്തു. മഴ മൂലമാണ് നിര്‍മാണം നടത്താത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. പുനലൂര്‍ കെ.എസ്ആര്ടിസിഡിപ്പോയുടെ പിന്നില്‍, തൂക്കുപാലത്തിനോട് ചേര്‍ന്നാണ് പാര്‍ക്ക് നിര്‍മിക്കുന്നത്.
ടൂറിസം വകുപ്പ് അനുവദിച്ച 39.96 ലക്ഷം രൂപ ചിലവഴിച്ചാണ് പാര്‍ക്കും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നത്. നടപ്പാത, സ്നാനഘട്ടം, വള്ളം അടുപ്പിക്കാനുള്ള കടവ്, വിശ്രമിക്കാനുള്ള മണ്ഡപം, പടിപ്പുര, ഇരിക്കാന്‍ സ്റ്റീല്‍ ബെഞ്ചുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് പാര്‍ക്ക്. ജലസേചന വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ പ്രാരംഭ പ്രവൃത്തിയായി ഏതാനും മാസം മുന്‍പ് ആറ്റിലേയ്ക്കുള്ള കല്‍പ്പടവുകളും ആറ്റുതീരത്തുകൂടി നടപ്പാതയും കെ.എസ്.ആര്.ടി.സി. ഡിപ്പോയുടെ മുന്‍ഭാഗത്തുനിന്നും വഴിയും നിര്‍മിച്ചിരുന്നു. കഴിഞ്ഞ ജൂലായ് അഞ്ചിന് മന്ത്രി പുനലൂര്‍ മരാമത്തു സമുച്ചയത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍, രണ്ടുമാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കി ഓണത്തിന് പാര്‍ക്ക് തുറന്നുനല്‍കാന്‍ നിര്‍ദ്ദേശിച്ചു.
മന്ത്രി സ്ഥലം സന്ദര്‍ശിച്ച് നിര്‍മാണ പുരോഗതി വിലയിരുത്തുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇവിടെ നിര്‍മാണ പ്രവൃത്തികള്‍ നടന്നില്ല. യോഗം കഴിഞ്ഞ് രണ്ടരമാസം പിന്നിടുമ്പോള്‍ പദ്ധതി പ്രദേശമാകെ കാടുമൂടിക്കിടക്കുകയാണ്.