പുനലൂർ: മന്ത്രിയുടെ അവകാശവാദങ്ങൾ പൊളിയുന്നു. റെയിൽവേ അടിപ്പാതയ്ക്ക് സ്ഥലം ഏറ്റെടുക്കുന്ന നടപടി ഇനിയും വൈകും. റെയിൽവേ അടിപ്പാതയ്ക്ക് ഇടൻ സ്ഥലമേറ്റെടുക്കുമെന്ന് മന്ത്രി കെ. രാജു കഴിഞ്ഞദിവസം മാധ്യമ പ്രവർത്തകരെ അറിയിച്ചിരുന്നു. പുനലൂരിൽ സ്ഥലമേറ്റെടുക്കൽ നടപടി വൈകുന്നത് ട്രെയിൻ സർവീസുകളെയും പ്രതികൂലമായി ബാധിക്കാനാണ് സാധ്യത. 14 സെന്റ് സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തിലാണ് തർക്കം നിലനിൽക്കുന്നത്.
മുൻ റവന്യു മന്ത്രിയുടെ അടുത്ത ബന്ധുവിന്റെ സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തിലാണ് തർക്കം നിലനിൽക്കുന്നത്. റവന്യു വകുപ്പും ഭൂവുടമയും തമ്മിലുള്ള ഒത്തുകളിയാണ് തർക്കങ്ങൾക്ക് കാരണമായിട്ടുള്ളത്. 495-8 ബി, 18-495-8 സി എന്നീ സർവേ നന്പരുകളിൽപ്പെട്ട സ്ഥലമാണ് നിലവിൽ ഏറ്റെടുക്കേണ്ടത്.
റവന്യു വകുപ്പും ഭൂവുടമയും തമ്മിലുള്ള ചർച്ചകളിൽ ഇതുവരെ സമവായമുണ്ടായിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചർച്ചകളും പരാജയപ്പെട്ടിരുന്നു. അടിപ്പാതയുടെ നിർമാണ പ്രവർത്തനങ്ങൾ ഭാഗീകമായി നടന്നിട്ടുണ്ട്. റെയിൽവേയുടെ ഭാഗത്തുള്ള സ്ഥലത്തെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി. അടിപ്പാതയിലേക്ക് പ്രവേശിക്കുന്നതിനും ഇറങ്ങുന്നതിനുമുള്ള ഭാഗത്ത് നിർമാണ പ്രവർത്തനങ്ങൾ നടക്കണമെങ്കിൽ സ്ഥലമേറ്റെടുക്കുക തന്നെ വേണം. ഇക്കാര്യത്തിലാണ് തർക്കങ്ങൾ നിലനിൽക്കുന്നത്.
സ്ഥലം പൊന്നുംവിലയ്ക്ക് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. എന്നാൽ സർക്കാർ നിശ്ചയിച്ച പൊന്നുംവില സ്ഥലമുടമയ്ക്ക് സ്വീകാര്യമല്ലെന്ന വിവരമാണ് പുറത്തുവരുന്നത്. സാമൂഹ്യ ആഘാതപഠന സംഘം സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
പുതിയ ഭൂമി ആക്ട് പ്രകാരം സ്ഥലമേറ്റെടുക്കുന്ന കാര്യത്തിൽ നിരവധി പ്രശ്നങ്ങൾ ഉടലെടുത്തതോടെയാണ് സ്ഥലം പൊന്നുംവിലയ്ക്ക് ഏറ്റെടുക്കുന്ന കാര്യത്തിൽ തീരുമാനമായത്. എന്നിട്ടും സ്ഥലത്തിന് വില നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കം പരിഹരിക്കുന്ന കാര്യത്തിൽ റവന്യു വകുപ്പിന് ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല.
റവന്യു വകുപ്പിന് നേതൃത്വം നൽകുന്ന സിപിഐയെ പ്രതിനിധീകരിക്കുന്ന പുനലൂരിന്റെ എംഎൽഎ കൂടിയായ മന്ത്രി കുറ്റകരമായ അനാസ്ഥയാണ് ഈ വിഷയത്തിൽ കാട്ടുന്നതെന്ന് പരക്കെ ആക്ഷേപം ഉയരുന്നുണ്ട്. സ്ഥലമുടമയുമായുള്ള തർക്കങ്ങൾ പരിഹരിച്ച് സമവായത്തിലെത്തിയശേഷം വീണ്ടും രണ്ടു മാസങ്ങൾ കഴിഞ്ഞാൽ മാത്രമേ നടപടിയിലേക്ക് പോകാൻ കഴിയുകയുള്ളു. എന്നാലും മൂന്നു മാസങ്ങൾ കഴിഞ്ഞ് മാത്രമേ നടപടികളിലേക്ക് എത്താൻ സാധിക്കുകയുള്ളുവെന്നാണ് വിലയിരുത്തപ്പെടുന്നത്.
അടിപ്പാത നിർമാണം ഉടനടി പൂർത്തിയായില്ലെങ്കിൽ ട്രെയിൻ സർവീസുകളെയും ഇത് ബാധിക്കും. കൂടുതൽ ട്രെയിനുകൾ ഓടിത്തുടങ്ങുന്നതോടെ പുനലൂരിൽ അടിപ്പാതയുടെ അഭാവം ഗതാഗതതടസങ്ങൾക്ക് ഇടയാക്കും.
പത്തനാപുരം-കാര്യറ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ ഇതോടെ ഗതാഗതക്കുരുക്കിലാക്കും. കാര്യമായ സമാന്തരപാതകളില്ലാത്തതും കാര്യങ്ങൾ കൂടുതൽ ദോഷകരമാക്കും. അടിപ്പാതയ്ക്ക് സ്ഥലം ഏറ്റെടുക്കാത്തത് റവന്യു വകുപ്പിനും സംസ്ഥാന സർക്കാരിനും വലിയ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്.