പുനലൂർ: പുനലൂരിന്റെ വികസനത്തിനായുള്ള പദ്ധതി പ്രഖ്യാപനങ്ങൾ പെരുമഴയോളമെന്ന് ആക്ഷേപം. പദ്ധതികളെല്ലാം പ്രഖ്യാപനമായതോടെ വികസനം കാത്ത് കഴിയുകയാണ് പുനലൂർ. സ്ഥലം എംഎൽഎ കൂടിയായ കെ.രാജു മന്ത്രിയായി ഗവൺമെന്റിലുണ്ടായിട്ടും പുനലൂരിന് ഫലമില്ലെന്ന അവസ്ഥയാണ്.
വനം -വിനോദ സഞ്ചാര മേഖലയിലടക്കം വൻവികസന സാധ്യതയാണ് പുനലൂരിന് ഉള്ളത്. അച്ചൻകോവിൽ, ആര്യങ്കാവ്, തെന്മല കേന്ദ്രീകരിച്ച് വനമേഖല വികസന പദ്ധതി പരിഗണിക്കാനാകും. കെ.ബി.ഗണേഷ് കുമാർ വനം മന്ത്രിയായിരിക്കെ കൊല്ലത്ത് പ്രവർത്തിക്കുന്ന സിസിഎഫ് ഓഫീസ് പത്തനാപുരത്ത് സ്ഥാപിക്കുവാൻ നടപടി കൾ ആരംഭിച്ചിരുന്നു.
വനമേഖലയോട് ചേർന്നാണ് വനം വകുപ്പിന്റെ ഉന്നതതല ഓഫീസ് വേണമെന്ന പരിഗണനയിലായിരുന്നു നടപടി. എന്നാൽ പിന്നീട് മന്ത്രി സ്ഥാനം നഷ്ടമായതോടെ പദ്ധതി മരവിച്ചു. ഈ ഓഫീസ് പുനലൂരിൽ കൊണ്ടുവരുവാൻ നടപടി വേണമെന്നാണ് ആവശ്യം. പുനലൂർ ഡിഎഫ്ഒ ഓഫീസിനോട് ചേർന്ന് ഇതിനായി സ്ഥലസൗകര്യമുണ്ടെന്നിരിക്കെ വനം മന്ത്രി വേണ്ട നടപടി എടുത്താൽ വനം വകുപ്പ് ഉന്നത ഓഫീസ് പുനലൂരിലെത്തും.
പുനലൂരിൽ നിരവധി പദ്ധതികളാണ് പ്രഖ്യാപനമായി അവശേഷിക്കുന്നത്. മുഖ്യമന്ത്രി സംസ്ഥാനതല ഉദ്ഘാടനം പുനലൂരിൽ നടത്തിയ ലൈഫ്മിഷൻ പദ്ധതിക്കായി പത്ത് മാസം പിന്നിടുമ്പോഴും ഒന്നും ചെയ്യാനായിട്ടില്ല. ആദ്യഘട്ടമായി 100 കുടുംബാംഗങ്ങൾക്ക് പ്ലാച്ചേരിയിലടക്കം വീട് നിർമിച്ച് നൽകുന്ന പദ്ധതിക്കായി നാളിതുവരെ ഒരു മണൽ തരിപോലും നുള്ളിയിടാനായിട്ടില്ല.
പുനലൂർ കേന്ദ്രമാക്കി ആർഡിഒ ഓഫീസ് അനുവദിച്ചുവെന്നതും പ്രഖ്യാപനമായി. പ്രഖ്യാപനം കഴിഞ്ഞ് ഒരു വർഷം നീളുമ്പോഴും തുടർനടപടികളില്ല എന്നാണ് ആക്ഷേപം.പുനലൂർ കെഎസ് ആർ ടിസി ഡിപ്പോ വികസനവും പ്രഖ്യാപനത്തിലൊതുങ്ങി. കുണ്ടും കുഴിയും മഴ പെയ്താൽചെളിക്കളവുമായി മാറുന്ന അവസ്ഥയാണ്. വികസനത്തിനായി കോടികളാണ് പ്രഖ്യാപിച്ചത്.
പാലക്കാട്ടേക്ക് മൂന്നു മാസം മുൻപ് ആരംഭിച്ച ഡീലക്സ് ബസും തലസ്ഥാനത്തേക്ക് വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച ഒരു സൂപ്പർഫാസ്റ്റ് സർവീസുമാണ് പ്രധാനപ്പെട്ടവ. പഴനി, മധുര, കോയംമ്പത്തൂർ എന്നിവയടക്കം പുതിയ സർവീസുകളൊന്നും ആരംഭിക്കുവാൻ നടപടിയില്ല.
കൊട്ടാരക്കര, പത്തനാപുരം ചടയമംഗലം ഡിപ്പോകളിൽ നിന്നെല്ലാം നിരവധി പുതിയ സർവീസുകൾ ആരംഭിച്ചു. കൊല്ലം-പുനലൂർ ലോ ഫ്ലോർ , സൂപ്പർഫാസ്റ്റ് സർവീസുകൾ നിർത്തിയത് പുനസ്ഥാപിക്കുവാനും ആയില്ല. തലസ്ഥാനത്തേക്ക് രാവിലെ എട്ടിനും ജില്ലാ ആസ്ഥാനത്തേക്ക് രാവിലെ 8.30 നും ലോ ഫ്ലോറോ, സൂപ്പർഫാസ്റ്റ് സർവീ സോ ആരംഭിക്കണമെന്ന ആവശ്യത്തിനും നടപടിയില്ല.
രണ്ട് വർഷത്തിലധികമായി നിർമാണം നിലച്ച ചെമ്മന്തൂർ കോടതി കോംപ്ലക്സ് കാട് കയറി കിടക്കുകയാണ്. ചെമ്മന്തൂർ സ്റ്റേഡിയം, ടൗൺ ഹാൾ എന്നിവയും പൂർണതയിലെത്തിക്കുവാനായില്ല.
വേനലിനൽ വെന്തെരിയുന്ന പുനലൂരിന് ജപ്പാൻ കുടിവെള്ള പദ്ധതിയിൽ നിന്നും വെള്ളം ലഭിക്കുവാൻ നടപടിയില്ല.പുനലൂരിലെ കല്ലടയാറിൽ നിന്നും ദിനംപ്രതി ലക്ഷക്കണക്കിന് ലിറ്റർ വെള്ളം കൊണ്ടു പോകുമ്പോൾ പുനലൂരിന് വെള്ളമില്ലാത്ത ഗതികേടിന് അറുതിയില്ല.
നിരവധി കുടിവെള്ള പദ്ധതികൾക്ക് ജലമെടുക്കുന്ന കല്ലടയാറ്റിലെ ജലനിരപ്പ് ക്രമപ്പെടുത്തുന്ന മുക്കടവ് തടയണയുടെ ഉയരം കൂട്ടുവാൻ ഒരു കോടി രൂപയുടെ പദ്ധതി തയാറാക്കി സർക്കാരിന് സമർപ്പിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും തുടർ നടപടികളില്ലാതെ കോൾഡ് സ്റ്റോറേജിലാണ്. വർഷാവർഷം മണൽചാക്ക് അടുക്കി ലക്ഷങ്ങൾ തട്ടുന്ന നടപടിക്ക് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ജനപ്രതിനിധികളും ഓശാന പാടുകയാണ്.
റയിൽവേ അടിപ്പാത നിർമാണം പൂർത്തിയായിട്ടും അപ്രോച്ച് റോഡ് നിർമാണത്തിന് സ്ഥലമേറ്റെടുക്കുന്ന നടപടിക്ക് ഒച്ചിഴയും വേഗമെന്നും ആക്ഷേപമുയരുകയാണ്. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുവാൻ ബൈപാസ് എന്നതും സ്വപ്നമായി അവശേഷിക്കുന്നു. നഗരത്തിൽ ചിതറി കിടക്കുന്ന ജോയിന്റ് ആർ ടി ഓഫീസ്, വാട്ടർ അതോറിറ്റി, ജില്ലാ വിദ്യാഭ്യാസ ഓഫീസ് തുടങ്ങിയവയടക്കം ഒരു കൂരക്ക് കീഴിലാക്കുവാൻ സിവിൽ സ്റ്റേഷനിൽ രണ്ട് നില കൂടി പണിയണ മെന്ന ആവശ്യവും നടപ്പിലായിട്ടില്ല.
അച്ചൻകോവിൽ കേന്ദ്രമാക്കി പോലീസ് സ്റ്റേഷൻ എന്നതും നിലവിലുള്ള എയ്ഡ് പോസ്റ്റ് കെട്ടിടം ആധുനിക രീതിയിൽ പണിയുമെന്നതും പ്രഖ്യാപനത്തിലാണ്. ഇത്തരത്തിൽ നിരവധി ആവശ്യങ്ങളുണ്ടെങ്കിലും പ്രഖ്യാപനമല്ലാതെ തുടർ നടപടികളൊന്നും ഇല്ല.
ുനലൂരിന്റെ ജനപ്രതിനിധി മന്ത്രിസഭയിലുണ്ടായിട്ടും വികസനം ത്വരിതപ്പെടുത്തുവാൻ നടപടികൾ മാത്രമില്ലെന്നാണ് വ്യാപക ആക്ഷേപം.