പുനലൂർ:നഗരത്തിൽ മാലിന്യ സംസ്കരണ നടപടികൾ ഫലപ്രദമാകുന്നില്ല. പ്രതിഷേധം വ്യാപകം. മാലിന്യസംസ്കരണത്തിനായി സ്ഥാപിച്ച കളക്ഷൻ ബിന്നുകൾ നോക്കുകുത്തികളായി മാറുകയാണ്. ചിലയിടങ്ങളിൽ മാലിന്യങ്ങൾ നിറഞ്ഞുകവിഞ്ഞ് ദുർഗന്ധം വമിക്കുന്നു.
മാലിന്യങ്ങൾ കൃത്യമായി എടുത്തുമാറ്റാനും ബന്ധപ്പെട്ടവർ തയാറാകുന്നില്ല. പുനലൂർ നഗരത്തിലെ മുഴുവൻ ഭാഗങ്ങളിലും ബിന്നുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ മാലിന്യനിർമാർജനം ഫലപ്രദമായി നടക്കുന്നില്ലെന്നതാണ് യാഥാർഥ്യം. നഗരസഭയിലെ 35 വാർഡുകളിലും കളക്ഷൻ ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്. ലക്ഷകണക്കിന് രൂപ ചെലവാക്കി സ്ഥാപിച്ച പദ്ധതി മൂലം യാതൊരു പ്രയോജനവുമില്ലാത്ത അവസ്ഥയാണുള്ളത്.
നഗരത്തിലെ പലഭാഗങ്ങളിലും മാലിന്യങ്ങൾ കെട്ടി കിടന്ന് ദുർഗന്ധം വമിക്കുകയാണ്. ഇത് വലിയ ആരോഗ്യ പ്രശ്നങ്ങൾക്കും ഇടയാക്കുന്നുണ്ട്. കളക്ഷൻ ബിന്നുകൾ സ്ഥാപിച്ചതിലും വലിയ അഴിമതി നടന്നതായി പ്രതിപക്ഷം ആരോപിച്ചു. ചെമ്മന്തൂരിൽ ഓപ്പൺ എയർ ഓഡിറ്റോറിയം നിർമിച്ച ഏജൻസിയാണ് ബിന്നുകൾ സ്ഥാപിച്ചതെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ് നെൽസൺ സെബാസ്റ്റ്യൻ ആരോപിച്ചു.
സംഭവത്തിലെ അഴിമതി അന്വേഷിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
മാലിന്യസംസ്കരണത്തിന് മുന്‍പുണ്ടായിരുന്ന സംവിധാനങ്ങളെല്ലാം ഒഴിവാക്കിയാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയത്. എന്നാൽ പുതിയ സംവിധാനങ്ങൾ പാളിയതോടെ മാലിന്യസംസ്കരണത്തിന് പുതിയ മാർഗങ്ങൾ തേടുകയാണ് അധികൃതർ.