പുനലൂര്‍: പുനലൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഡ്രൈവര്‍മാരുടെ അനാസ്ഥ മൂലമുള്ള അപകടം തുടര്‍ക്കഥയാകുന്നു. ഇന്നലെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നടന്ന അപകടത്തിന് ഇരയായ വയോധികന് രക്ഷപ്പെട്ടത് ആയുസിന്റെ ബലത്തില്‍ മാത്രം.കരവാളൂര്‍ സ്വദേശിയും ഇപ്പോള്‍ തിരുവന്തപുരത്ത് താമസക്കാരനുമായ മുന്‍ അധ്യാപകന് പേരൂര്‍ക്കട നിരഞ്ജനത്തില്‍ രവീന്ദ്രന് നായര്‍ (75) ആണ് ബസിറങ്ങി പുനലൂരിലെ ട്രഷറിയിലേക്ക് പോകുന്ന വഴി അപകടത്തില്‍പ്പെട്ടത്.
തിരുവന്തപുരത്ത് നിന്ന് എരുമേലിക്കു പോകുന്ന ബസ് ആണ് പുനലൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് മുന്നിലുള്ള ആലിന് സമീപം രവീന്ദ്രനെ ഇടിച്ചിട്ടത്.ആളിനെ ഇടിച്ചതറിയാതെ ബസ് മുന്നോട്ട് എടുക്കാന്‍ തുനിഞ്ഞ ബസ് ഡ്രൈവറെ നാട്ടുകാരും ഹോം ഗാര്‍ഡും കൂടി തടയുകയായിരുന്നു. തുടര്‍ന്ന് വയോധികനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു പ്രഥമ ശുശ്രൂഷ നല്കിയ ശേഷം വിട്ടയച്ചു.
മുമ്പും സമാനമായ അപകടത്തില്‍ ഒരു വയോധിക മരിയ്ക്കുകയും ഒരു വിമുക്ത ഭടന് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഡിപ്പോയില്‍ നിന്നുള്ള ഡ്രൈവര്‍മാരുടെ അനാസ്ഥ മൂലമുള്ള വര്‍ധിച്ചു വരുന്ന അപകടം കുറക്കാന്‍ വേണ്ട നടപടികള്‍ ഒന്നും തന്നെ കെഎസ്ആര്‍ടിസിയുടെ ഭാഗത്ത് നിന്നുണ്ടാകാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നു.