പുനലൂർ: വിവാദങ്ങളിൽ നിന്ന് ഒടുവിൽ നഗരസഭ മുഖം രക്ഷിച്ചു. സൈനികന്റെ വീടിന് നമ്പർ നൽകുന്നതിലുള്ള നൂലാമാലകൾ നഗരസഭ ഒഴിവാക്കി. കെട്ടിടം ക്രമവത്ക്കരിക്കുന്നതിനുള്ള പിഴത്തുകയായ ഇരുപതിനായിരത്തോളം രൂപ ഒടുവിൽ നഗരസഭയിലെ ഇടതുപക്ഷ കൗൺസിലർമാർ അടച്ചതോടെയാണ് വിവാദങ്ങൾ അവസാനിച്ചത്.
തുമ്പോട് വാർഡിലെ താമസക്കാരനായ സൈനികൻ ഹരികൃഷ്ണന്റെ വീടിന് നമ്പർ ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാൻ ഒടുവിൽ നഗരസഭയിലെ ഭരണപക്ഷ കൗൺസിലർമാർ തയാറാകുകയായിരുന്നു. സൈനികന്റെ വീടിന് നമ്പർ നിഷേധിച്ചത് സംസ്ഥാന തലത്തിൽ തന്നെ വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.
രാജ്യത്തിന്റെ അതിർത്തി കാക്കുന്ന സൈനികനോടു പുനലൂർ നഗരസഭ കാട്ടിയ അവഗണനയെക്കതിരെ സോഷ്യൽ മീഡിയയിലും പ്രതിഷേധങ്ങൾ ഉയർന്നു വന്നു. ഒടുവിൽ തദേശസ്വയംഭരണ വകുപ്പു മന്ത്രി വിഷയത്തിൽ ഇടപെട്ടു. സൈനികന് വീട്ടു നമ്പർ നിഷേധിച്ച നടപടി വിവാദമായ സാഹചര്യത്തിലാണ് നഗരസഭ ഒടുവിൽ ഒത്തുതീർപ്പിന് വഴങ്ങേണ്ടി വന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.