തിരുവില്വാമല: പ്രസിദ്ധമായ തിരുവില്വാമല പുനർജനി നൂഴൽ ചടങ്ങ് നാളെ നടക്കും. വിശ്ചികമാസത്തിലെ വെളുത്ത പക്ഷ ഏകാദശി (ഗുരുവായൂർ ഏകാദശി) നാളിലാണ് ശ്രീവില്വാദ്രിനാഥ ക്ഷേത്രത്തിലെ പരിപാവനമായ നൂഴൽ ചടങ്ങ്. ഭക്തിനിർഭരമായ പുനർജനി നൂഴൽ ചടങ്ങിന് നാടിന്റെ നാനാഭാഗങ്ങളിൽനിന്നായി നിരവധിയാളുകൾ ഈ ദിവസം പുനർജനിപുണ്യം തേടി ഇവിടെയെത്തും.
തിരുവില്വാമല ശ്രീവില്വാദ്രിനാഥ ക്ഷേത്രത്തിനു സമീപമുള്ള വില്വാമലയുടെ കിഴക്കേ അടിവാരത്തിലാണ് പുനർജനി ഗുഹ. പുലർച്ചെ അഞ്ചിന് വാദ്യഘോഷങ്ങളോടെ ക്ഷേത്രത്തിലെ മേൽശാന്തി പ്രത്യേക പൂജകൾ നടത്തി നെല്ലിക്ക ഉരുട്ടിയാണ് നൂഴൽ ആരംഭിക്കുക. രാവിലെ മുതൽ രാത്രിവരെ തുടരുന്ന നൂഴൽ ചടങ്ങിൽ ആയിരത്തോളം ഭക്തർക്കാണ് പങ്കെടുക്കുക. എന്നാൽ സാക്ഷ്യം വഹിക്കാൻ പതിനായിരത്തോളം ആളുകളാണ് എത്താറുള്ളത്.
തിരുവില്വാല ടൗണിൽനിന്ന് രണ്ട് കിലോമീറ്റർ ദൂരമാണ്. ഗുഹ സ്ഥിതി ചെയ്യുന്നിടത്തേക്ക് ശ്രീവില്വാദ്രിനാഥ ക്ഷേത്രത്തിന്റെ കിഴക്കേ നടവഴിയും ഇവിടെയെത്താം. നൂറുകണക്കിന് സ്ത്രീകളും പുനർജനി നൂഴൽ കാണാനെത്തുമെങ്കിലും സ്ത്രീകൾ ഗുഹക്കകത്തേക്ക് പ്രവേശിക്കാറില്ല.
പരശുരാമൻ നിഗ്രഹം ചെയ്ത ക്ഷത്രിയരുടെ പ്രേതങ്ങൾക്ക് പാപമൊടുക്കി മുക്തി നേടാൻ കഴിയാതെ വിശ്വകർമ്മാവിനാൽ പണികഴിപ്പിച്ചതാണ് പുനർജനി ഗുഹ എന്നാണ് ഐതിഹ്യം. ഈ ഗുഹ ഒരിക്കൽ തരണം ചെയ്താൽ പാപമുക്തി ലഭിക്കുമെന്നാണ് വിശ്വാസം. പുനർജനിയോട് ബന്ധപ്പെട്ട് കിടക്കുന്ന ഗണപതി തീർഥം, പാപനാശിനി തീർഥം, പാതാള തീർഥം, അന്പ്, കൊന്പ് തീർഥങ്ങളും പരിപാവനമായി കരുതുന്നു. പുനർജനി നൂഴലിനുള്ള ടോക്കൺ ഇന്ന് വൈകീട്ട് അഞ്ചുമുതൽ ക്ഷേത്രം ഓഫീസിൽനിന്ന് ലഭിക്കും.