കൊച്ചി: പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരായ പുനര്‍ജനിക്കേസില്‍ പരാതിക്കാരന്റെ മൊഴി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് രേഖപ്പെടുത്തും. ഇതിന്റെ ഭാഗമായി പരാതിക്കാരനും കാതിക്കുടം ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റുമായ ജയ്സണ്‍ പാനികുളങ്ങരയോട് കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ ഹാജരാകാന്‍ കഴിഞ്ഞ ദിവസം ഇഡി നോട്ടീസ് നല്‍കിയിരുന്നു.
വിദേശ നാണ്യ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ നേരത്തെ പരാതിക്കാരന് ഇഡിക്ക് തെളിവുകള്‍ കൈമാറിയിരുന്നു. ബെര്‍മിംഗ് ഹാമിലെത്തി പണംപിരിച്ചെന്ന് വി.ഡി. സതീശന് സമ്മതിക്കുന്ന ഇലക്ട്രോണിക്സ് തെളിവുകള്‍ ഇഡിക്ക് കൈമാറിയിരുന്നു.
പണം അഭ്യര്ഥിക്കുന്നതടക്കമുള്ള തെളിവുകളും കൈമാറി. സതീശന് വിദേശത്ത് പണപ്പിരിവ് നടത്താന്‍ അനുമതിയില്ലെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖകള്‍, വിജിലന്‍സ് അന്വേഷണം നിര്‍ദേശിച്ച് സിബിഐ നല്കിയ കത്ത്, വിജിലന്‍സിന് നല്കിയ പരാതികള്‍, സ്വീകരിച്ച തുടര്‍നടപടികള്‍, കത്തിടപാടുകള്‍ എന്നിവയും കൈമാറി.
പറവൂരില്‍ പ്രളയബാധിതര്‍ക്ക് വീടുനല്കാനും സഹായിക്കാനും പുനര്‍ജനി എന്നപേരില്‍ വിദേശത്തുള്‍പ്പെടെ അനുമതിയില്ലാതെ പണം പിരിച്ചുവെന്നതാണ് കേസ്. 2018 ലെ പ്രളയത്തിന് ശേഷമാണ് പറവൂരില്‍ വി.ഡി. സതീശന് എംഎല്‍എയുടെ നേതൃത്വത്തില്‍ പുനര്‍ജനി പദ്ധതി നടപ്പാക്കിയത്. ഇതിനെതിരെയാണ് വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചെന്ന പരാതി ഉയര്‍ന്നത്.