കോഴിക്കോട്: ഞാനിപ്പോൾ ഏറെ നേരം ഉറങ്ങും. രാവിലെ ഒന്പതു മണിക്കേ എഴുന്നേൽക്കാറുള്ളു…’’ മലയാളത്തിെന്റെ വലിയ കഥാകാരൻ തന്നെ കാണാൻ എത്തിയവരോട് പറഞ്ഞ വാക്കുകളാണിത്. അതെ ഒരുകാലത്ത് പുലരിയെ വരവേൽക്കാൻ ഒരുങ്ങിനിന്ന എഴുത്തുകാരൻ അവസാനനാളുകളിൽ മാനസികമായും ശാരീരികമായും ഏറെ തളർന്ന അവസ്ഥയിലായിരുന്നു. നാഗരിക ജീവിതം അത്രത്തോളം അദ്ദേഹത്തെ മാറ്റിയിരുന്നു. സുഹൃത്തുക്കളോടൊപ്പമുള്ള സായാഹ്നം അദ്ദേഹത്തിന് നുഷ്ടപ്പെട്ടു.
നാലു ചുമരുകൾക്കുള്ളിൽ ആയതോടെ ആ ്എഴുത്തുകാരന്റെ മനസ്സ് വിങ്ങി. ശരിക്കും പറഞ്ഞാൽ ജീവിതത്തോടുളള വിരക്തി അദ്ദേഹത്തെ പിടികൂടിയിരുന്നു. ബിജെപിക്കുവേണ്ടി മൽസരരംഗത്തിറങ്ങിയത് ചോദിച്ചാൽ ആ ചിരിമാത്രമായിരുന്നു മറുപടി. അതൊക്കെ അത്രവലിയ കാര്യമാണോ എന്നമട്ടിൽ. 2014െൻറ അവസാന മാസങ്ങളിൽ ജീവിതം കൈവിട്ടുപോകുമെന്ന ഭയത്തിൽ മക്കളും മരുമക്കളും അദ്ദേഹത്തെ സ്നേഹത്തണലിലാക്കുകയായിരുന്നു.
മകൾ നാസിമയുടെയും മരുമകൻ ജലീലിെൻറയും സംരക്ഷണത്തിലാണ് കഥാകാരൻ അവസാനനാളുകളിൽ കഴിഞ്ഞിരുന്നത്. കൂട്ടുകാരുടെ അവസാനിക്കാത്ത ഒഴുക്കുകൾ, വർത്തമാനങ്ങൾ, യാത്രകൾ, അതെല്ലാം വിട്ടെറിഞ്ഞാണ് അദ്ദേഹം നടക്കാവ് പണിക്കർ റോഡിലെ ക്രസൻറ് മാൻസയിലെ 10 ബിയിലേക്ക് കൂടുമാറിയത്.
അവസാനനാളുകളിൽ ഏകാന്തവാസം
കോഴിക്കോട്: അവസാനനാളുകളിൽ തികച്ചും എകാന്തനായിരുന്നു പുനത്തിൽ കുഞ്ഞബ്ദുള്ള. കോഴിക്കോട്ടെ മകളുടെ ഫ്ളാറ്റിൽ ഹോം നഴ്സിന്റെ പരിചരണത്തിലായിരുന്നു അദ്ദേഹം. നടക്കാവ് പണിക്കർ റോഡിലെ ഫ്ളാറ്റിൽ നിന്നും വൈകുന്നേരങ്ങളിൽ മാത്രം പുറത്തിറങ്ങും. അതും വീൽചെയറിൽ. ഫളാറ്റിലെ പത്താമത്തെ നിലയിലായിരുന്നു താമസം. പിന്നെ തിരിച്ച് ലിഫ്റ്റിൽ മുകളിലേക്ക് മടങ്ങും. ആരേയും കാണാറില്ല, ഒന്നും വായിക്കാറില്ല, ടിവി തുറക്കാറില്ല.
സ്വയം തീർത്തതും ഒറ്റപ്പെട്ടതുമായ ജീവിതമായിരുന്നു. ഇതിനിടെയായിരുന്നു അദ്ദേഹം വീട്ടുതടങ്കലിൽ ആണെന്ന വാർത്ത വന്നത്.ഇതോടെ അദ്ദേഹത്തെ കാണാൻ സുഹൃത്തുക്കളുടെ കുത്തൊഴുക്കായിരുന്നു.സാഹിത്യകാരൻ എം. മുകുന്ദനുൾപ്പെടെയുളളവർ അദ്ദേഹത്തെ കാണാൻ ഈ ഫ്ളാറ്റിലെത്തി.
വീട്ടിൽ നിന്നും പുറത്തിറങ്ങാൻ മറ്റൊരാളുടെ സഹായം പുനത്തിലിന് ആവശ്യമാണ്. അതിനാലാണ് പുനത്തിൽ വീട്ടിൽ തന്നെ കഴിയുന്നതൊയിരുന്നു മുകുന്ദൻ പ്രതികരിച്ചത്. അദ്ദേഹത്തോടൊപ്പം മദ്യം കഴിച്ച് ചൂഷണം ചെയ്തിരുന്ന ആളുകളിൽ നിന്ന് ആരോഗ്യകാരണങ്ങളാൽ പുനത്തിൽ സ്വയം മാറിനിന്നതാണെന്നായിരുന്നു സുഹൃത്തുക്കൾ അറിയിച്ചത്.
സി.വി. കുഞ്ഞിരാമൻ പുരസ്കാരം, സമർപ്പിക്കാനും കഴിഞ്ഞ ഏപ്രിലിൽ മുകുന്ദൻ ഇവിടെ എത്തി.സുഹൃത്തുക്കൾ സന്ദർശിക്കുന്പോൾ പോലും പാതിപയക്കത്തിൽ എന്നപോലെയായിരുന്നു സംസാരിച്ചിരുന്നത്. ഓർമശക്തിയും കുറഞ്ഞു. മസ്തിഷ്കാഘാതത്തെ തുടർന്ന് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. ഇതോടൊപ്പം ചെവിയിൽ അണുബാധയും വന്നതോടെ അദ്ദേഹം പൂർണമായും ക്ഷീണിതനായി.
ഒരുകാലത്ത് ശക്തമായ ഭാഷകൊണ്ട് എഴുത്തുകാരെ പിടിച്ചിരുത്തിയ പുനത്തിൽ കാലയവനികകൾക്കുള്ളിൽ മറഞ്ഞപ്പോൾ എറ്റവും കൂടുതൽ വിഷമിക്കുന്നത് അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ്. സാഹിത്യകാരൻമാർക്കിടയിലെ കഥപറച്ചിലുകാരൻ എന്നായിരുന്നു ഇദ്ദേഹത്തെ കുറിച്ച് സുഹൃത്തുക്കൾക്ക് പറയാനുളളത്.