എല്ലാ ഓഫീസുകളിലും ഇപ്പോൾ പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ്. ജീവനക്കാർ ജോലിക്ക് എത്തുന്നതും ഇറങ്ങുന്നതും പഞ്ചിംഗ് നോക്കിയാൽ അറിയാൻ സാധിക്കും. ചിലർ ഓഫീസിൽ എത്താൻ വൈകിയാൽ വീട്ടിലിരുന്ന് അറ്റന്റൻസ് ഇടാറുമുണ്ട്. കാറില്‍ ഇരുന്ന് ഓണ്‍ലൈനില്‍ ഹാജര്‍ രേഖപ്പെടുത്തിയ അധ്യാപികയുടെ സസ്പെൻഷൻ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്.
ബിഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലെ ബൈകുന്ത്പൂർ ബ്ലോക്കിലെ രേണു കുമാരി എന്ന അധ്യാപികയാണ് കാറിലിരുന്ന് പഞ്ച് ചെയ്തത്. ഇ-ശിക്ഷാകോഷ് ആപ്ലിക്കേഷന്‍ വഴി എല്ലാ അധ്യാപകരും അവരുടെ ദൈനംദിന ഹാജർ രേഖപ്പെടുത്തണമെന്നാണ് ബീഹാറിലെ വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ മര്‍ഗനിര്‍ദേശം. അധ്യാപകര്‍ സ്കൂള്‍ പരിസരത്ത് നില്ക്കുന്ന സെല്‍ഫി എടുത്ത് ആപ്പില്‍ അപ്ലോഡ് ചെയ്യുകയും വേണം.
രേണു കുമാരി, കാറില്‍ ഇരുന്നാണ് കഴിഞ്ഞമാസം തന്റെ ഹാജര്‍ രേഖപ്പെടുത്തിയത്. ഇത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയും അധ്യാപികയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയയ്ക്കുകയും ചെയ്തു. സെപ്റ്റംബർ 9, 10, 13, 14, 23, 24, 27, ഒക്ടോബർ 2 തീയതികളിലാണ് രോണു കുമാരി കാറിലിരുന്ന് ഹാജർ രേഖപ്പെടുത്തിയത്.
അധ്യാപികയോട് വിശദീകരണം ചോദിച്ച് രണ്ട് ദിവസത്തിനകം ഡിഇഒ ഓഫീസിൽ സമർപ്പിക്കാൻ ഡിഇഒ യോഗേഷ് കുമാർ സ്കൂളിലെ ഹെഡ്മാസ്റ്റർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്.