തിരുവനന്തപുരം: കൃത്യസമയത്ത് ജോലിക്കെത്താത്ത സെക്രട്ടറിയേറ്റിലെ ജീവനക്കാർക്ക് മണികെട്ടി ബയോമെട്രിക്ക് പഞ്ചിംഗ്. പുതുവർഷത്തിൽ പുതിയ പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തിയപ്പോള്‍ കൃത്യസമയത്ത് ജോലിക്കെത്തിയത് 3050 പേർ. രാവിലെ 10.15നകം ഇത്രയും പേർ പഞ്ച് ചെയ്ത് ജോലിയിൽ പ്രവേശിച്ചു.
എന്നാൽ ആകെയുള്ള 4,497 ജീവനക്കാരിൽ 946 പേര് വൈകിയാണ് ഹാജര്‍ രേഖപ്പെടുത്തിയത്. 501 പേര് ഹാജര്‍ രേഖപ്പെടുത്തിയിട്ടില്ല.കഴിഞ്ഞ ഡിസംബര്‍ 28ന് കൃത്യ സമയത്ത് ഹാജര്‍ രേഖപ്പെടുത്തിയത് 1047 പേരായിരുന്നു. 2150 പേര് വൈകിയാണ് അന്ന് പഞ്ച് ചെയ്തത്.
ജീവനക്കാര്‍ കൃത്യസമയത്തെത്തുന്നില്ല, ഫയല്‍ നീങ്ങുന്നില്ല, എന്നീ ആക്ഷേപങ്ങള്‍ ഉയർന്നതോടെയാണ് സെക്രട്ടേറിയറ്റിൽ ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്തിയത്. ശമ്പളം വിതരണം ചെയ്യുന്ന സ്പാര്‍ക്ക് എന്ന സോഫ്ട്വെയറുമായി ഇതിനെ ബന്ധപ്പെടുത്തുകയും ചെയ്തു.
ഇതോടെ തുടർച്ചയായി ജോലിക്ക് താമസിച്ച് എത്തുന്നവർക്കും ജോലി സ്ഥലത്തുനിന്നും നേരത്തെ പോകുന്നവർക്കും ശമ്പളത്തിൽ പിടിവീഴും. 2008 മുതൽ സെക്രട്ടറിയേറ്റിൽ പഞ്ചിംഗ് ഏർപ്പെ ടുത്തിയെങ്കിലും ശമ്പളത്തെ ബാധിച്ചിരുന്നില്ല. ജീവനക്കാരുടെ സംഘടനകളുടെ ഭാഗത്തു നിന്നുമുള്ള ശക്തമായ എതിർപ്പും മറികടന്നാണ് പുതിയ സംവിധാനം സ ർക്കാർ ഒരുക്കിയത്.
ഒരു മാസത്തിൽ മൂന്ന് മണിക്കൂർ ഗ്രേസ് ടൈം നല്‍കും. ഈ പരിധി കഴിയുന്നവർക്ക് ഒരു കാഷ്വൽ ലീവ് നഷ്ടമാകും. പഞ്ചിംഗിനൊപ്പം ഹാജർ ബുക്കിലും ഒപ്പിടണം. പൊതുഭരണം, ധനം, നിയമ വകുപ്പുകളിലെ അണ്ടർ സെക്രട്ടറിമാരാകും പഞ്ചിംഗ് നിരീക്ഷിക്കുക. തുടക്കത്തിൽ സെക്രട്ടേറിയറ്റിലും തുടർന്ന് മുഴുവൻ സർക്കാർ ഓഫീസുകളിലും പഞ്ചിംഗ് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
പഞ്ചിംഗിൽനിന്ന് മന്ത്രിമാരെയും ചീഫ് സെക്രട്ടറിയെയും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന് പഞ്ചിംഗ് ബാധകമാണ്.