ഒന്നോരണ്ടോ പേരുടെ ജോലി ഒഴിവിലേക്കായി ഇന്റർവ്യൂവിന് എത്തുന്നവർ നിരവധിപ്പേരായിരിക്കും. ഇവരിൽ ഏറ്റവും യോഗ്യരായവരെയായിരിക്കും ജോലിക്കായി തെരഞ്ഞെടുക്കുക. മറ്റുള്ളവരെ ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കും. എന്നാൽ, നിക്കോൾ എന്ന യുവതി സമൂഹമാധ്യമത്തിൽ പങ്കുവച്ച അനുഭവം ഇതിൽനിന്നു വ്യത്യസ്തമാണ്.
ഇന്റർവ്യൂവിൽ പങ്കെടുത്ത നിക്കോളിനെ ജോലിക്കായി തെരഞ്ഞെടുത്തു. എന്നാൽ, ഇന്റർവ്യൂ നടത്താനെത്തിയവർ വൈകിവന്നെന്നു ചൂണ്ടിക്കാട്ടി ആ ജോലി അവർ വേണ്ടെന്നുവച്ചു. ജോലി നിരസിച്ചുകൊണ്ട് കന്പനി അധികൃതർക്ക് നിക്കോൾ അയച്ച ഇമെയിലിൽ പറയുന്നത് ഇങ്ങനെ: “നിങ്ങളുടെ ജോലി ഓഫറിനെ ഞാൻ അഭിനന്ദിക്കുന്നു. എന്നാൽ ഞാനിത് നിരസിക്കുകയാണ്.
എന്റെ പ്രതീക്ഷയ്ക്ക് അനുസരിച്ചായിരുന്നില്ല നിങ്ങളുടെ പ്രതികരണം. നമ്മൾ കാണാമെന്നേറ്റ അതേ സമയത്ത് കാണാം എന്നാണ് ഞാൻ പ്രതീക്ഷിച്ചത്. നിങ്ങൾ 45 മിനിറ്റ് വൈകിയാണ് എത്തിയത്. ഞാനിത് ചൂണ്ടിക്കാട്ടിയപ്പോൾ നിങ്ങൾ പല കാരണങ്ങളും കണ്ടെത്തുകയായിരുന്നു. ഒരു ബോസിന് ഞാൻ പ്രതീക്ഷിക്കുന്ന ക്വാളിറ്റി ഇതല്ല’. റെഡ്ഡിറ്റിലാണ് നിക്കോൾ തന്റെ അനുഭവം പങ്കുവച്ചത്. യുവതിയുടെ പെരുമാറ്റം ഉചിതമായില്ല എന്നതരത്തിലായിരുന്നു ഇതിനു താഴെവന്ന മിക്ക കമന്റുകളും.