ന്യൂഡല്‍ഹി: ജമ്മു കാഷ്മീരിലെ അതിര്‍ത്തികളിലൂടെ പാക്കിസ്ഥാനില്‍നിന്നുള്ള തീവ്രവാദികളുടെയും അവരുമായി ബന്ധമുള്ളവരുടെയും നുഴഞ്ഞുകയറ്റം ഇടയ്ക്കിടെ പുറത്തുവരുന്ന വാര്‍ത്തയാണ്.
സൈന്യം ഇവരുമായി ഏറ്റുമുട്ടുന്നതും പിടികൂടുന്നതും ചിലപ്പോള്‍ അവരെ വധിക്കുന്നതും വാർത്തകളായി വരുന്നു.
കഴിഞ്ഞദിവസം പാക്കിസ്ഥാനില്‍നിന്ന് ഇന്ത്യന്‍മണ്ണിലേക്കൊരു നുഴഞ്ഞുകയറ്റം നടന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ നുഴഞ്ഞുകയറ്റമായിരുന്നു അത്.
നുഴഞ്ഞുകയറ്റക്കാരനെ പോലീസും പട്ടാളവുമൊന്നും പിടികൂടിയില്ല. അവനുമായി ഏറ്റുമുട്ടാനും പോയില്ല. നുഴഞ്ഞുകയറ്റക്കാരന് കൂളായി അതിര്‍ത്തിമേഖലകളില്‍ സ്വതന്ത്രവിഹാരം നടത്തുകയും ചെയ്തു.
മാര്‍ച്ച് 18 വൈകിട്ട് ഏഴു മണിക്കാണ് ഈ നുഴഞ്ഞുകയറ്റം നടന്നത്. അതിര്‍ത്തി രക്ഷാസേനയുടെ കാമറയില്‍ നുഴഞ്ഞുകയറ്റം കൃത്യമായി പതിയുകയും ചെയ്തു.
അവര്‍ കൗതുകപൂര്‍വം നുഴഞ്ഞുകയറ്റുകാരന്റെ നീക്കങ്ങൾ വീക്ഷിച്ചതല്ലാതെ നടപടിയെന്നുമുണ്ടായില്ല. നടപടിയെടുക്കാത്തതിൽ ആരും പ്രതിഷേധിച്ചുമില്ല.
ഇന്ത്യൻ സൈനികർക്കു മുന്നിൽ അലസഗമനം നടത്തിയ ആ നുഴഞ്ഞുകയറ്റക്കാരന് മറ്റാരുമല്ല, ഒരു പുള്ളിപ്പുലി..! അന്താരാഷ്ട്ര അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്കു പുള്ളിപ്പുലി പ്രവേശിക്കുന്ന വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ട്വിറ്ററില്‍ പങ്കുവച്ചത്.
നാല്‍പ്പത് സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ആയിരക്കണക്കിന് ആളുകളാണ് കണ്ടത്. നിരവധി പേര് വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു. ധാരാളം കമന്റുകളും വീഡിയോയ്ക്കു ലഭിച്ചിട്ടുണ്ട്.
“പുള്ളിപ്പുലി സുരക്ഷിതമായ നല്ല രാജ്യം തെരഞ്ഞെടുത്തിരിക്കുന്നു’ , “ഇതുപോലുള്ള നുഴഞ്ഞുകയറ്റത്തെ സ്വാഗതം ചെയ്യുന്നു’ തുടങ്ങിയവയാണ് വീഡിയോയ്ക്കു ലഭിച്ച ജനപ്രിയ കമന്റുകള്‍.