പൂനെ: അവനെന്റെ മകനെ കൊന്നു, ഇനിയൊരിക്കലും എനിക്ക് എന്റെ മകനെ കാണാനാകില്ല’. തേങ്ങലോടെ കല്യാണി നഗർ ഏരിയയിൽ 17കാരന്റെ ആഡംബര കാർ ഇടിച്ച് മരിച്ച ഐടി ജീവനക്കാരന് അനീഷ് അവാധിയയുടെ അമ്മ സവിത.
മകന്റെ വേർപാട് മനസാൽ ഉൾക്കൊള്ളുന്നതിനു സാധിക്കാതെ വിങ്ങുന്ന ഹൃദയത്തോടെ നീതിക്ക് വേണ്ടി പോരാടാനൊരുങ്ങി സവിത.
‘‘ആ കുട്ടിയുടെ തെറ്റാണ്. വേണമെങ്കിൽ കൊലപാതകമെന്നും വിളിക്കാം. അവൻ ഇങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ ആരും മരിക്കില്ലായിരുന്നു. അവന്റെ കുടുംബം ജാഗ്രത പുലർത്തിയിരുന്നെങ്കിൽ ഇന്ന് എന്നോടൊപ്പം എന്റെ മകൻ ജീവനോടെയുണ്ടാകുമായിരുന്നു.17കാരനെ രക്ഷിക്കാൻ അവന്റെ കുടുംബം പരമാവധി ശ്രമിച്ചു. അവർ പണവും സ്വാധീനവുമുള്ളവരാണ്. നഷ്ടം ഞങ്ങൾക്ക് മാത്രമാണ്’’ എന്നും അമ്മ വിലപിച്ചു.
പുനെയിലെ കല്യാണി നഗർ പ്രദേശത്ത് ഞായറാഴ്ച പുലര്‍ച്ചെയാണ് 17 വയസുകാരന് ഓടിച്ച ആഡംബര കാര്‍ അപകടത്തിലായത്. കൂട്ടുകാർക്കൊപ്പം പ്ലസ്ടു പാസായത് ആഘോഷിക്കുകയായിരുന്നു വിദ്യാർഥി. ആഘോഷങ്ങൾക്ക് ശോഷം ബാറില്‍ നിന്നും കൂട്ടുകാരുമായി കാറില്‍ മടങ്ങവേയാണ് അപകടം. അമിത വേഗത്തില്‍ വന്ന കാര്‍ അനീഷും, അശ്വിനിയും സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരും പുനെയിലെ എഞ്ചിനീയര്‍മാരാണ്.