വിധിയെ പഴിക്കുന്നവര്‍ക്ക് മാതൃക നല്‍കുന്ന ജീവിതവിജയം! ആത്മവിശ്വാസമുണ്ടെങ്കില്‍ ഭാഗ്യം കൂടെയുണ്ടാവുമെന്നതിന് തെളിവാകുന്ന ജീവിതാനുഭവം; കോപ്പിയടി വീരന്മാര്‍ക്ക് വെല്ലുവിളിയായി പൂനെ ദലാല്‍

ആത്മാര്‍ത്ഥ പരിശ്രമവും ആത്മവിശ്വാസവുമുണ്ടെങ്കില്‍ കീഴടക്കാനാവാത്തതായി ലോകത്തൊന്നുമില്ലെന്ന് മനസിലാക്കി പ്രവര്‍ത്തിച്ച വ്യക്തിയാണ് പൂനെ ദലാല്‍ എന്ന സ്ത്രീ. 28 ാമത്തെ വയസില്‍ യുപിഎസി പരീക്ഷ എഴുതാന്‍ ദലാലിന് തോന്നിയത് അതുകൊണ്ടുതന്നെയാണ്. കുടുംബവേരുകള്‍ ഹരിയാനയിലെ ചഹാറ എന്ന കുഗ്രാമത്തിലാണെങ്കിലും പൂനം ജനിച്ചതും വളര്‍ന്നതും ഡല്‍ഹിയിലാണ്. ടിടിസിക്ക് ശേഷം ഒരു പ്രൈമറി സ്‌കൂളില്‍ അധ്യാപികയായി ജോലി നോക്കുന്ന കൂട്ടത്തിലാണ് ഡിഗ്രി പഠനം വിദൂര വിദ്യാഭ്യാസത്തിലൂടെ പൂര്‍ത്തിയാക്കുന്നത്.

അതിന് ശേഷം നിരവധി പരീക്ഷകള്‍ എഴുതി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ പ്രൊബേഷണറി ഓഫീസറായി ജോലിചെയ്യുന്നതിന്റെ മൂന്നാം വര്‍ഷം എസ്എസ്സി പരീക്ഷ വിജയിച്ച് ഇന്‍കംടാക്‌സ് വിഭാഗത്തില്‍ ജോലിയില്‍ കയറി. അവിടെ കയറിയതിന് ശേഷം മാത്രമാണ് യുപിഎസി സിവില്‍ സര്‍വീസ് പരീക്ഷയെക്കുറിച്ച് അറിയുന്നത്. അപ്പോഴേക്കും വിവാഹം കഴിഞ്ഞു.

ഉത്തരവാദിത്വങ്ങളുടെ ഭാരം തലയിലായിക്കഴിഞ്ഞു. വയസ് 27 ആയി. സാധാരണ ഒരാള്‍ എഴുതി നോക്കാന്‍ പോലും മെനക്കെടാറില്ല. പക്ഷെ പൂനം എഴുതാന്‍ തന്നെ ഉറച്ചു. 2009ല്‍ ആദ്യമായി പരീക്ഷ എഴുതി. അപ്പോഴേക്കും വയസ് 28. 30 വയസായിരുന്നു പരീക്ഷ എഴുതാനുള്ള കൂടിയ പ്രായം. ആദ്യത്തെ തവണ റെയില്‍വെയില്‍ ജോലി ലഭിച്ചു. പക്ഷെ അതിന് പ്രവേശിക്കാതെ പിന്നെയും പഠിച്ചു. ഇതിന്റെ ഇടയ്ക്ക് ഹരിയാന പിഎസ്സി പാസായി ഹരിയാന പോലീസില്‍ ഡിവൈഎസ്പിയായി ചുമതലയേറ്റു. 2011ല്‍ പിന്നെയും യുപിഎസി പരീക്ഷയ്ക്ക് ശ്രമിച്ചു അവസാനത്തെ ശ്രമത്തില്‍ പ്രിലിമിനറി പോലും വിജയിച്ചില്ല. യുപിഎസി എന്ന പ്രതീക്ഷ അവസാനിച്ചു.

കിട്ടിയ ജോലിയുമായി ജീവിതം മുന്നോട്ടുപോകുമ്പോഴാണ് അപ്രതീക്ഷിത ഭാഗ്യം പൂനത്തിനെ തേടിയെത്തുന്നത്. 2011ലെ പരീക്ഷയില്‍ ചില പ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് ഒരിക്കല്‍ കൂടി ആ വര്‍ഷം പരീക്ഷ എഴുതിയവര്‍ക്ക് മാത്രം എഴുതാന്‍ ചാന്‍സ് നല്‍കുന്നു. 2015ലായിരുന്നു ആ ഭാഗ്യം. ആദ്യത്തെ കടമ്പയായ പ്രിലിമിനറി പരീക്ഷ എഴുതുമ്പോള്‍ പൂനം ഒമ്പത് മാസം ഗര്‍ഭിണിയായിരുന്നു. പലരും പരീക്ഷയ്ക്ക് പോകുന്നത് പോലും വിലക്കിയിരുന്നു. ഔദ്യോഗിക ഉത്തരവാദിത്തങ്ങളും വീട്ടിലെ ജോലികളുമെല്ലാം ഒതുക്കിയ ശേഷം രാത്രിയില്‍ കിട്ടുന്ന കുറച്ചുസമയത്തായിരുന്നു പഠനം.

കഠിനപ്രയത്‌നത്തിന് ഫലമുണ്ടായി. പ്രിലിമിനറി വിജയിച്ച് മെയിന്‍സ് പരീക്ഷയ്ക്ക് പോകുമ്പോള്‍ മകന് പ്രായം വെറും മൂന്നുമാസം. ഗര്‍ഭത്തിന്റെയും പ്രസവത്തിന്റെയുമൊക്കെ ക്ഷീണത്തിന്റെ നടുവിലും പഠനം മുടക്കിയില്ല. മെയിന്‍സും പാസായി ഇന്റര്‍വ്യൂ എന്ന അവസാന കടമ്പയും 275ല്‍ 171 മാര്‍ക്ക് വാങ്ങി വിജയം നേടി. 308-ാമത്തെ റാങ്കാണ് പൂനത്തിന് ലഭിച്ചത്. വയസും ജീവിതത്തിലെ ഉത്തരവാദിത്തങ്ങളുമെല്ലാം പൂനത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന് മുമ്പില്‍ തോറ്റു. കസ്റ്റംസ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് അസിംദാഹിയയുടെ പിന്തുണയും ഒപ്പം പതറാത്ത പരിശ്രമവുമാണ് പൂനം ദയാല്‍ എന്ന സാധാരണക്കാരിയായ പ്രൈമറി സ്‌കൂള്‍ അധ്യാപികയെ ഇന്ത്യന്‍ റവന്യു വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥയാക്കിയത്.

 

Related posts