വിദ്യാര്‍ഥികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതി പ്രകാരം സ്‌കൂളിലെത്തിച്ചത് ‘കാലിത്തീറ്റ’. പൂനെയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളുകളിലാണ് ഉച്ചഭക്ഷണത്തിനായുള്ള ധാന്യത്തിന് പകരം കാലിത്തീറ്റ എത്തിയത്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഈ സ്‌കൂളിന്റെ നടത്തിപ്പ് ചുമതല പൂനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ്. കോവിഡ് ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണം വീടുകളിലെത്തിച്ച് നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇത് വീടുകളിലെത്തിച്ച് നല്‍കണ്ട ചുമതല ജില്ലാഭരണകൂടത്തിനാണ്. ഇതിന്റെ ഭാഗമായി പൂനെയിലെ സ്‌കൂള്‍ നമ്പര്‍ 58ല്‍ എത്തിയ ഭക്ഷ്യസാധനങ്ങളുടെ ലോഡിലാണ് കാലിത്തീറ്റയുടെ പാക്കറ്റുകള്‍ ഉണ്ടായത്.
പ്രാദേശിക പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്നാണ് വിവരം പുറത്തറിയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) അധികൃതര്‍ കാലിത്തീറ്റ പാക്കറ്റുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.
മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട സ്‌കൂളാണിതെന്നാണ് വിഷയത്തില്‍ പൂനെ മേയര്‍ മുരളീധര്‍ മൊഹോലിന്റെ പ്രതികരണം.
എത്തിച്ചു നല്‍കുന്ന ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുക എന്ന ചുമതല മാത്രമേ മുന്‍സിപ്പല്‍ കോര്‍പ്പറേഷന് ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
‘കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനായി കാലിത്തീറ്റ എത്തിച്ചു നല്‍കിയത് ദൗര്‍ഭാഗ്യകരമായ സംഭവം തന്നെയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് തക്കശിക്ഷയും നല്‍കണം’ മേയര്‍ വ്യക്തമാക്കി.