ഇക്കുറി ഐപിഎല്‍ കിരീടം തങ്ങളുടെ ഷോക്കേസില്‍ എത്തിക്കാന്‍ ഉറച്ച് പൂനെ ടീം. നായകന്‍ സ്ഥാനത്തു നിന്നു മഹേന്ദ്രസിംഗ് ധോണിയെ നീക്കിയ പൂനെ ഇപ്പോള്‍ പേരും മാറ്റിയിക്കുകയാണ്. റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സ് എന്ന പേരു മാറ്റി റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ് എന്നാക്കി. കഴിഞ്ഞ സീസണില്‍ 14 കളികളില്‍ ഒമ്പതെണ്ണവും തോറ്റ ടീമിനെ അതേ പടി കളത്തിലിറക്കിയാല്‍ പണിപാളും എന്നു മനസിലാക്കിയതിനെത്തുടര്‍ന്നാണ് ആദ്യം ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും നീക്കിയത്. പകരം ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിനെ ആ സ്ഥാനത്ത് അവരോധിച്ചു. കഴിഞ്ഞ സീസണിലെ മോശം ഓര്‍മകള്‍ മായ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ പേരില്‍ ചെറിയ മാറ്റം വരുത്തിയിരിക്കുന്നത്.
ഇത്തവണ കൂടുതല്‍ മികച്ച താരങ്ങളെ ടീമിലെടുത്ത പൂനെ കിരീടത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യമിടുന്നില്ലെന്ന് ടീ വക്താവ് വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ ഒരു പേരിലെന്തിരിക്കുന്നു എന്നു ചോദിക്കുന്നവരുമുണ്ട്. കഴിഞ്ഞ തവണ ഏഴാം സ്ഥാനത്തായിരുന്ന ടീം ഇത്തവണ ഇര്‍ഫാന്‍ പഠാന്‍, ഇഷാന്ത് ശര്‍മ്മ, മുരുകന്‍ അശ്വിന്‍, പീറ്റേഴ്സണ്‍, തിസാര പെരേര, ആര്‍പി സിങ്, ആല്‍ബി മോര്‍ക്കല്‍ എന്നിവരെ ഒഴിവാക്കി. ഏപ്രില്‍ ആറിന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ആദ്യ മത്സരം.