മുംബൈ: മദ്യപാനിക്കും മാംസാഹാരിക്കും പൂന സർവകലാശാലയിൽ സ്വർണ മെഡലില്ല. പരീക്ഷയിൽ ഉന്നത മാർക്ക് നേടുന്നത് മെഡലിന് അർഹമല്ലെന്നാണ് സാവിത്രിഭായ് ഭുലെ പൂന സർവകലാശാലയിൽനിന്നു പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. മെഡലിന് അർഹതയുള്ളവരുടെ പട്ടിക സംബന്ധിച്ചു സർവകലാശാല സർക്കുലർ പുറത്തിറക്കി.മഹാറിഷി കീർത്തൻകർ ഷേലർ മാമ സ്വർണ മെഡലിന് യോഗ്യരായവരെ തെരഞ്ഞെടുക്കുന്നതിനുള്ള പത്തു മാനദണ്ഡങ്ങളുടെ പട്ടികയിൽ ഏഴാമതായാണ് മദ്യപാനികൾക്കും സസ്യാഹാരികൾ അല്ലാത്തവർക്കും മെഡലിന് അർഹതയില്ലെന്നാണ് പറയുന്നത്.
വെജിറ്റേറിയനായാൽ മാത്രം പോര മെഡൽ കിട്ടാൻ ഇന്ത്യൻ സംസ്കാരത്തിലും പാരന്പര്യത്തിലും വിശ്വാസം വേണമെന്നും സർക്കുലർ പറയുന്നു. സർവകലാശാലയിൽനിന്ന് ഏറ്റവും കൂടുതൽ മാർക്കോടെ പോസ്റ്റ് ഗ്രാജുവേഷൻ പാസാകുന്ന വിദ്യാർഥിക്കാണ് ഇത്രയുംനാൾ മെഡൽ നൽകിയിരുന്നത്.
സംഭവം വിവാദമായതോടെ സർക്കുലറിനെ ന്യായീകരിച്ച് സർവകലാശാല രംഗത്തെത്തി. മെഡൽ സ്പോണ്സർ ചെയ്യുന്നവരുടെ ആവശ്യപ്രകാരമാണ് ഈ നിബന്ധനയെന്ന് സർവകലാശാല വിദശീകരിക്കുന്നു.സർക്കുലറിനെതിരേ വൻ വിമർശനവുമായി ശിവസേനയും എൻസിപിയും രംഗത്തെത്തി. ഇത് സർവകലാശാലയാണോ റസ്റ്ററന്റാണോ എന്ന സംശയമുയർത്തിയാണ് സേന സർക്കുലറിനെ പരിഹസിച്ചത്. ഭക്ഷണം വിട്ട് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എൻസിപി സർവകലാശാലയെ ഉപദേശിച്ചു.