ബംഗളൂരു: കന്നഡ സൂപ്പര്‍ താരം പുനീത് രാജ്കുമാർ (46) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ബംഗളൂരുവിലെ വിക്രം ആശുപത്രിയിലായിരുന്നു മരണം സംഭവിച്ചത്.
വീട്ടിലെ ജിമ്മിൽ വ്യായാമം ചെയ്യുമ്പോൾ കുഴഞ്ഞുവീണതിനെ തുടർന്നാണ് പുനീതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇതിഹാസ താരം രാജ്കുമാറിന്റെ മകനാണ് പുനീത്. ടെലിവിഷൻ അവതാരകനും ഗായകനും കൂടിയായിരുന്നു അദ്ദേഹം. പവർ സ്റ്റാർ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
കന്നഡ സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള താരവും ഏറ്റവും പ്രതിഫലം വാങ്ങുന്നയാളുമായിരുന്നു. 29 സിനിമകളിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചു.
ചെറുപ്പത്തിൽ തന്നെ സിനിമയിൽ എത്തിയ പുനീത് ‘ബേട്ടഡ് ഹൂവു’ എന്ന ചിത്രത്തിലൂടെ 1985 മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കി. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് രണ്ട് തവണ നേടി.
അപ്പു (2002), അഭി (2003), വീര കന്നഡിഗ (2004), മൌര്യ (2004), ആകാശ് (2005), ആരസു (2007), മിലാന (2007), വംശി (2008), റാം (2009), ജാക്കീ (2010), ഹുഡുഗരു (2011), രാജകുമാര (2017) തുടങ്ങിയവയാണ് പ്രധാന സിനിമകൾ.