പ്രദീപ് ഗോപി
തെന്നിന്ത്യന്‍ സിനിമാ ലോകത്തെ, പ്രത്യേകിച്ച് കന്നട സിനിമാ മേഖലയെ അതീവ ദുഖത്തിലാക്കിയ സംഭവമായിരുന്നു നടന് പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിതമായ വിയോഗം. ഇക്കഴിഞ്ഞ ഒക്ടോബര്‍ 29നായിരുന്നു ഏവരെയും ഞെട്ടിച്ചു കൊണ്ട് പ്രിയ നടന് പുനീത് വിട വാങ്ങിയത്. വെറും 46 വയസ് മാത്രം പ്രായമുണ്ടായിരുന്ന ഇദ്ദേഹം ഹൃദയാഘാതം വന്നാണ് മരിച്ചത്.
പുനീത് രാജ്കുമാറിന്റെ മരണത്തെത്തുടര്‍ന്ന് മനം നൊന്ത് ഇന്നലെ വരെജീവനൊടുക്കിയത് ഏഴ് പേരാണ്. അദ്ദേഹത്തിന്റെ വിയോഗം താങ്ങാനാകാതെ ഇതുവരെ പത്ത് പേര് മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
ഇതില്‍ ഏഴു പേര് ജീവനൊടുക്കിയപ്പോള്‍ മൂന്നുപേര്‍ മരണവാര്‍ത്തയറിഞ്ഞ ഞെട്ടലില്‍ ഹൃദയസ്തംഭനം മൂലം മരിക്കുകയായിരുന്നു. ഒരു നടന്…
എന്നു മാത്രം പറയാനാകില്ല പുനീത് കുമാറിനെക്കുറിച്ച്. അതിലുപരി വലിയ മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം. അതാണ് പുനീത് കുമാറിനെ പ്രേക്ഷകര്‍ക്ക് ഇത്രയധികം പ്രിയങ്കരനാക്കിയത്.
അദ്ദേഹത്തിന്റെ അകാല വിയോഗത്തിന്റെ ഞെട്ടലില്‍ നിന്ന് ഇതുവരെ കരകയറാന്‍ സിനിമാ ലോകത്തിന് കഴിഞ്ഞിട്ടില്ല.മരണശേഷം പുനീത് രാജ്കുമാറിന്റെ കണ്ണുകള്‍ ദാനം ചെയ്തിരുന്നു.
ജീവനൊടുക്കിയവരില്‍ മൂന്ന് ആരാധകരും ഇഷ്ടതാരത്തിന്റെ കണ്ണുകള്‍ ദാനം ചെയ്തത് പോലെ തങ്ങളുടെ കണ്ണുകളും ദാനം ചെയ്യണമെന്ന് കത്ത് എഴുതി വെയ്ച്ചതായും പല റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
താരത്തിന്റെ മരണത്തിന് പിന്നാലെ ഭക്ഷണം ഉപേക്ഷിച്ച ആരാധകനും കഴിഞ്ഞ ദിവസം മരിച്ചിരുന്നു. മാണ്ഡ്യയിലെ കെരഗോഡു ഗ്രാമത്തിലാണ് സംഭവം. ഗ്രാമവാസിയായ കെ.എം. രാജു ആണ് മരിച്ചത്.
ഡോ. രാജ്കുമാര് എന്ന പേരില്‍ ഹോട്ടല്‍ നടത്തിയിരുന്ന രാജു പുനീതിന്റെ മരണം അറിഞ്ഞതോടെ ഭക്ഷണം ഉപേക്ഷിച്ചതായി വീട്ടുകാര്‍ പറഞ്ഞു.
പുനീതിന് ആദരാഞ്ജലികളര്‍പ്പിക്കാന്‍ ബംഗളൂരുവിലേക്ക് പോവുകയാണെന്ന് കുടുംബത്തെ അറിയിച്ച് രാവിലെ വീടുവിട്ട ഇദ്ദേഹം മാണ്ഡ്യയിലെ സില്‍വര്‍ ജൂബിലി പാര്‍ക്കിനു സമീപം കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.
കന്നഡ സിനിമയിലെ ഇതിഹാസ നടന് രാജ്കുമാറിന്റെ മകനായിരുന്നു പുനീത്. അച്ഛന്റെ സിനിമകളിലൂടെ ബാല വേഷമണിഞ്ഞാണ് സിനിമാ ലോകത്തേക്ക് എത്തിയത്. അഭിനേതാവിനു പുറമേ ഒരു ഗായകനും കൂടിയായിരുന്നു.
ഒപ്പം ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായിരുന്നു താരം. അഭിനയത്തില്‍ നിന്നു കിട്ടുന്ന പ്രതിഫലത്തിലെ നല്ലൊരു ഭാഗവും വര്‍ഷങ്ങളായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ചെലവഴിച്ചിരുന്നു.
ഇത്തരത്തില്‍ ഈ പ്രതിഫലം ഉപയോഗിച്ച് നിരവധി കന്നട മീഡിയം സ്കൂളുകള്‍ക്കും സാമ്പത്തിക സഹായം നല്‍കിയിരുന്നു.കോവിഡിന്റെ ഒന്നാം തരംഗ സമയത്ത് കര്‍ണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപയാണ് താരം സംഭാവ നല്‍കിയത്.
വടക്കന്‍ കര്‍ണാടകയിലെ പ്രളയത്തിന്റെ സമയത്ത് ഇതേ നിധിയിലേക്ക് അഞ്ച് ലക്ഷവും അദ്ദേഹം നല്കി.ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന പുനീത് രാജ്കുമാറിന്റെ വിയോഗത്തിന്റെ ഞെട്ടലില്‍ നിന്ന് ഇതുവരെ കരകയറാന്‍ സിനിമാ മേഖലയ്ക്ക് ആയിട്ടില്ല.
ഇപ്പോഴിതാ പുനീത് പഠനച്ചെലവ് വഹിച്ചിരുന്ന 1,800 കുട്ടികളുടെ തുടര്‍വിദ്യാഭ്യാസം ഏറ്റെടുക്കുമെന്ന് അറിയിച്ചിരിക്കുകയാണ് തമിഴ് നടന് വിശാല്‍. പുനീത് രാജ്കുമാറിന്റെ വിയോഗം സിനിമാ ഇന്‍ഡസ്ട്രിയുടെ മാത്രമല്ല സമൂഹത്തിന് തന്നെ തീരാനഷ്ടമാണ്.
1,800 കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകള്‍ അദ്ദേഹം ഏറ്റെടുത്തിരുന്നു. അതു ഞാന്‍ തുടരുമെന്ന് പ്രതിജ്ഞ ചെയ്യുകയാണ്. അദ്ദേഹത്തിന് വേണ്ടി അവരുടെ വിദ്യാഭ്യാസം ചെലവ് ഞാന്‍ ഏറ്റെടുക്കും. സാമൂഹികപ്രതിബദ്ധതയുള്ള ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം ചെയ്തു.
ഞാനും അതു തുടരും എന്നാണ് വിശാല്‍ ഒരു പൊതുപരിപാടിയില്‍ പറഞ്ഞത്.നടന് എന്നതിനൊപ്പം അനുഗ്രഹീതനായ ഗായകനുമായിരുന്നു അദ്ദേഹം.
ഗായകന് എന്ന നിലയില്‍ തനിക്കു ലഭിക്കുന്ന പ്രതിഫലം പൂർണമായും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുമെന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് അദ്ദേഹം തീരുമാനം എടുത്തിരുന്നു.
ഈ പ്രതിഫലം ഉപയോഗിച്ച് അദ്ദേഹം സ്ഥിരമായി സാമ്പത്തിക സഹായം നല്കുന്ന നിരവധി കന്നഡ മീഡിയം സ്കൂളുകള്‍ ഉണ്ടായിരുന്നു.
മൈസൂരിലെ ശക്തി ധാന ആശ്രമവുമായി ബന്ധപ്പെട്ടുള്ള സ്ത്രീകളുടെ പുനരധിവാസ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ തന്റെ അമ്മയ്ക്കൊപ്പം സജീവമായിരുന്നു അദ്ദേഹം.
മൈത്രി എന്ന സിനിമയില്‍ ഒന്നിച്ച് അഭിനയിച്ച പുനീത് രാജ്കുമാറിനെ മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലും അനുസ്മരിച്ചിരുന്നു.
നടി മേഘ്നരാജും പുനീതുമായി തന്റെ ഭര്‍ത്താവിനുണ്ടായിരുന്ന അടുത്ത ബന്ധത്തെക്കുറിച്ചു പറഞ്ഞിരുന്നു. രണ്ടു പേരും അപ്രതീക്ഷിതമായി ഈ ലോകത്തോടു വിടപറഞ്ഞവരാണെന്നും ഹൃദയാഘാതം മൂലമാണ് ഇരുവരും ഈ ലോകത്തില്‍ നിന്നു മറഞ്ഞതെന്നും ചിരഞ്ജീവി സര്‍ജയുടെയും പുനീത് കുമാറിന്റെയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടു മേഘ്ന കുറിച്ചു.
ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും നല്ല മനസുള്ളവരെ ദൈവം പെട്ടെന്നു വിളിക്കുമെന്നും മേഘ്ന കുറിച്ചു.പവര്‍സ്റ്റാര്‍ എന്ന പേരിലാണ് പുനീത് അറിയപ്പെട്ടിരുന്നത്.
ബാല താരമായിട്ടായിരുന്നു തുടക്കം. ബേട്ടഡ് ഹൂവു എന്ന ചിത്രത്തിലെ അഭിനയത്തിന് 1985ൽ അദ്ദേഹത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. മികച്ച ബാലതാരത്തിനുള്ള കർണാടക സംസ്ഥാന പുരസ്കാരവും രണ്ടു തവണ സ്വന്തമാക്കി.
2002ലിറങ്ങിയ “അപ്പു’ എന്ന ചിത്രമാണ് കന്നഡ സിനിമയിൽ പുനീതിന്റെ നായകസ്ഥാനം ഉറപ്പാക്കിയത്. നിർമാതാവ്, ഗായകൻ, അവതാരകൻ എന്നീ നിലകളിലും പേരെടുത്തിരുന്നു. ഒക്ടോബർ 29ന് ജിംനേഷ്യത്തില്‍ വ്യായാമം ചെയ്യുന്നതിനിടെയാണ് പുനീതിന് ഹൃദയാഘാതം അനുഭവപ്പെട്ടതും ആശുപത്രിയിൽ മരണപ്പെട്ടതും.