അപകടാവസ്ഥയിലും മറ്റ് അത്യാവശ്യ ഘട്ടങ്ങളിലും സ്ത്രീകളെ രക്ഷിക്കാന്‍ പുരുഷന്മാര് തന്നെ വേണമെന്ന് നിര്‍ബന്ധമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഡിസ്ക് ത്രോയില്‍ ഇന്ത്യയുടെ അഭിമാനം കൂടിയായ ഒളിമ്പ്യന്‍ കൃഷ്ണ പൂനിയ.
രാജസ്ഥാനിലെ ചുരു ജില്ലയിലാണ് സംഭവം നടന്നത്. പുതുവര്‍ഷ രാവില്‍ കാറില്‍ പോകുന്നതിനിടയിലാണ് ബൈക്കിലെത്തിയ മൂന്ന് പൂവാലന്മാര് ചേര്‍ന്ന് രണ്ട് പെണ്‍കുട്ടികളെ ശല്ല്യം ചെയ്യുന്നത് പൂനിയ കണ്ടത്. റെയില്‍വേ ക്രോസിംഗിന് സമീപം ഭയന്നിരിക്കുന്ന പെണ്‍കുട്ടികളെ കണ്ട കൃഷ്ണ അവരോട് കാര്യം അന്വേഷിച്ചു.
തൊട്ടടുത്തു തന്നെ നിലയുറപ്പിച്ചിരുന്ന പൂവാലന്മാരുടെ നേരെ മുഷ്ടി ചുരുട്ടി പൂനിയ നടന്നടുത്തു. ആറടിയിലധികം ഉയരവും പൗരുഷം തോന്നുന്ന ശരീര പ്രകൃതവും ഉള്ള പൂനിയയെക്കണ്ട് പൂവാലന്മാര് ബൈക്കില്‍ക്കയറി രക്ഷപ്പെടാന്‍ ഒരുങ്ങി. എന്നാല്‍ ബൈക്ക് 50 മീറ്റര്‍ ദൂരം പോലും പിന്നിടുന്നതിന് മുമ്പ് പൂനിയ അവരെ പിടികൂടി, ഒരാളെ വലിച്ച് താഴെയിടുകയും ചെയ്തു.
ബഹളങ്ങളെല്ലാം കേട്ട് നാട്ടുകാര്‍ ഓടിക്കൂടി. പിന്നീട് പൂനിയ യുവാക്കളെ കൈകാര്യം ചെയ്യുന്നത് കാണാനായി ആളുകളുടെ തിരക്ക്. നാട്ടുകാര്‍ ചേര്‍ന്നാണ് ഇവരെ പിന്നീട് പോലീസ് സ്റ്റേഷനിലെത്തിച്ചത്. പരാതി നല്കാന് പെണ്‍കുട്ടികളോടൊപ്പം പൂനിയയും സ്റ്റേഷനിലെത്തിയിരുന്നു. സംഭവസ്ഥലത്ത് നിന്ന് വെറും രണ്ട് മിനിറ്റിന്റെ വ്യത്യാസം മാത്രമേ പോലീസ് സ്റ്റേഷനിലേക്കുള്ളുവെങ്കിലും പോലീസ് എത്താന്‍ വൈകിയതായി പൂനിയ അറിയിച്ചു. ഇങ്ങനെയുള്ള പോലീസുകാര്‍ എപ്രകാരം സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുമെന്നും പൂനിയ ചോദിച്ചു.