ജിബിൻ കുര്യൻ
കോട്ടയം: പുല്ലാണ് ഈ യുവാക്കൾക്ക് കൃഷി. വല്ലഭനു പുല്ലും ആയുധം എന്നതു പോലെ ആൽവിനും അഖിലിനും നിഖിലിനും ലിസ്വിനും ഉണ്ണിരാജയ്ക്കും പുല്ലാണ് ഇപ്പോൾ ആയുധം.
തെരുവപുല്ല് കൃഷി ചെയ്തു പുൽതൈലം ഉണ്ടാക്കി വിൽക്കുകയാണു കോളജ് പഠനത്തിനുശേഷം കൃഷിയിലേക്കിറങ്ങിയ ഈ യുവ കർഷകർ.
കാഞ്ഞിരപ്പള്ളി സ്വദേശിയായ ആൽവിൻ തോമസും ഭരണങ്ങാനം സ്വദേശിയായ അഖിൽ പ്രദീപും തീക്കോയി സ്വദേശിയായ കെ.ജി. നിഖിലും തൊടുപുഴ സ്വദേശികളായ ഉണ്ണിരാജയും ലിസ്വിനും മേലുകാവ് ഹെൻട്രി ബേക്കർ കോളജിലെ ഉൗർജതന്ത്ര ബിരുദ പഠനത്തിനുശേഷം വൈറ്റ് കോളർ ജോലി വേണ്ടെന്നുവച്ച് ജീവിത മാർഗമായി കൃഷിയെ ഉൗർജമാക്കാൻ തീരുമാനിക്കുകയായിരുന്നു.
ആൽവിൻ തോമസാണു പുല്ല് കൃഷി ചെയ്യുന്ന ആശയം മുന്നോട്ടു വച്ചത്. സാധാരണ തീറ്റപ്പുല്ല് കൃഷി ചെയ്യാനാണ് ആദ്യം ഉദ്ദേശിച്ചതെങ്കിലും പിന്നീട് തെരുവപ്പുല്ലിലേക്കു മാറി.
യുപിയിലും ബംഗളൂരുവിലും പോയി തെരുവപ്പുല്ല് കൃഷി ചെയ്യുന്ന രീതി കണ്ടു പഠിച്ചു. അയ്യായിരത്തോളം തൈകളും വാങ്ങി.
പിണ്ണക്കനാടിനുസമീപം സ്ഥലം പാട്ടത്തിനു വാങ്ങി തൈകൾ നട്ടു. പുല്ലുവെട്ടി പുൽതൈലം ഉണ്ടാക്കുന്ന പലയിടത്തും എത്തിച്ചെങ്കിലും ആർക്കും വേണ്ട. പുൽത്തൈലം ഉണ്ടാക്കിയാൽ വാങ്ങാമെന്നായി.
ഇതിനേക്കുറിച്ചു പഠിക്കുന്നതിനായി വയനാട്ടിലും മറയൂരിലും യുവസംഘം എത്തി. പിന്നീട് യുപിയിലെത്തി മെഷീൻ വാങ്ങി.
മൂന്നിലവിൽ ഫാക്ടറി സ്ഥാപിച്ചു. ചെത്തിയെടുത്ത പുല്ല് മെഷീനിൽ ആവി കേറ്റി ചൂടാക്കി വാറ്റിയാണ് പുൽതൈലമുണ്ടാക്കുന്നത്.
ആവിയായി വരുന്നതിനെ തണുപ്പിച്ചു വെള്ളവും തൈലവും വേർതിരിച്ചെടുക്കുകയാണു ചെയ്യുന്നത്.
എറണാകുളത്തുള്ള കന്പനിക്കാണ് ഇപ്പോൾ തൈലം വിൽക്കുന്നത്. ഒരു ലിറ്ററിന് 1500 രൂപ ലഭിക്കും. 70 ദിവസം കൂടുന്പോൾ പുല്ല് അരിയാം.
വേനൽക്കാലത്ത് അത്യാവശ്യം നനയും അൽപം ചാണകം വളവുമായി നല്കിയാൽ മതി. തെരുവപുല്ല് നല്ലതുപോലെ വളരും.
പുല്ല് നടുന്നതും അരിയുന്നതും സംസ്കരിച്ചു തൈലമുണ്ടാക്കുന്നതുമെല്ലാം ഈ അഞ്ചംഗസംഘം തന്നെയാണ്.
ഭാവിയിൽ കൂടുതൽ സ്ഥലത്തേക്ക് പുല്ല് കൃഷി വ്യാപിപ്പിക്കാനും തൈലത്തിനു കൂടുതൽ വിപണി കണ്ടെത്താനുമുള്ള ശ്രമത്തിലാണ് ഈ യുവസംഘം.