ന്യൂഡൽഹി: ഭർത്താവിനെ തൂക്കിലേറ്റുന്നതിൻ മുൻപ് വിവാഹമോചനം നൽകണമെന്ന് ആവശ്യപ്പെട്ട് നിർഭയ കേസിലെ പ്രതി അക്ഷയ് കുമാർ സിംഗിന്റെ ഭാര്യ കോടതിയിൽ.
അക്ഷയ് കുമാറിന്റെ ഭാര്യ പുനിത സിംഗ് ഇക്കാര്യം ഉന്നയിച്ച് ബിഹാർ ഔറംഗബാദിലെ കുടുംബ കോടതിയിലാണ് ഹർജി നൽകിയത്.
ഭർത്താവിനെ മാർച്ച് 20 ന് തൂക്കിലേറ്റാൻ പോകുന്നതിനാൽ താൻ വിധവയാകുമെന്നും എന്നാൽ തനിക്ക് വിധവയായി ജീവിക്കാൻ താൽപര്യമില്ലെന്നും പുനിത ഹർജിയിൽ പറയുന്നു.
ഹർജിയിൽ വാദം കേൾക്കാൻ കേസ് വ്യാഴ്ചയിലേക്ക് മാറ്റി. തന്റെ ഭർത്താവ് നിരപരാധിയാണ്. ഭർത്താവിനെ തൂക്കിലേറ്റുന്നതിനു മുൻപ് നിയമപരമായി വിവാഹബന്ധം വേർപിരിയണമെന്നും ഹർജിയിൽ അവർ ആവശ്യപ്പെട്ടു.
തന്റെ കക്ഷിക്ക് അവരുടെ ഭർത്താവിൽനിന്ന് വിവാഹമോചനം നേടാനുള്ള നിയമപരമായ അവകാശമുണ്ടെന്ന് പുനിതയുടെ അഭിഭാഷകൻ പറഞ്ഞു. അതുകൊണ്ടാണ് കുടുംബ കോടതിയിൽ താൻ അപേക്ഷ സമർപ്പിച്ചത്.
ഭർത്താവ് പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ടാൽ ഹിന്ദു വിവാഹ നിയമം വകുപ്പ് 13(2)(II) പ്രകാരം ഭാര്യക്ക് വിവാഹമോചനം നേടാനുള്ള അവകാശമുണ്ട്- അഭിഭാഷകൻ കൂട്ടിച്ചേർത്തു.