കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്റെ അക്കൗണ്ടില്‍നിന്ന് കോടികള്‍ തട്ടിയ പഞ്ചാബ് നാഷണൽ ബാങ്ക് മാനേജര്‍ എം.പി. റിജിലിനായുള്ള പോലീസ് അന്വേഷണം തുടരുന്നു. റിജില്‍ ഇന്ന് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചേക്കുമെന്നു സൂചനയുണ്ട്.
തട്ടിപ്പിന്റെ വ്യാപ്തി തിട്ടപ്പെടുത്താനായി പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ചെന്നൈ സോണല്‍ ഓഫീസില്‍നിന്നെത്തിയ സംഘം ബാങ്കില്‍ ഇന്നും പരിശോധന തുടരും.
12 കോടി രൂപ നഷ്ടപ്പെട്ടതായാണ് ഇന്നലെ കോര്പറേഷന് പോലീസില്‍ നല്‍കിയിട്ടുള്ള പരാതി. ആദ്യ ദിവസം നല്കിയ രണ്ടരക്കോടിരൂപയുടെ പുറമേയാണിത്.
എന്നാൽ തട്ടിപ്പിന്റെ വ്യാപ്തി ഓരോദിവസവും കൂടിവരികയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇടതുമുന്നണി പഞ്ചാബ് നാഷണല്‍ ബാങ്കിലേക്ക് മാര്‍ച്ച് നടത്തി. അതേസമയം റിജില്‍ നിരപരാധിയെന്ന് മാതാപിതാക്കള്‍ പറയുന്നു.
മകന് അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും അവനെ ആരോ കുടുക്കിയതാകാമെന്നുമാണ് അച്ഛൻ രവീന്ദ്രനും അമ്മ ശാന്തയും പറയുന്നത്.
വീടുണ്ടാക്കാനായി ബാങ്കില്‍നിന്നു ലോണെടുത്തിരുന്നു. മറ്റ് കടബാധ്യതകൾ ഒന്നും ഇല്ല. മകനെക്കുറിച്ച് രണ്ട് ദിവസമായി വിവരമൊന്നുമില്ലെന്നും അവർ പറഞ്ഞു.
അതേസമയം ബാങ്കില്‍ ഓഡിറ്റിംഗ് പുരോഗമിക്കുകയാണ്. കൂടുതല്‍ തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് ഈ പരിശോധനയില്‍ മാത്രമേ വ്യക്തമാകൂ. 2019 മുതല്‍ ഈവര്‍ഷം ജൂണ്‍വരെയാണ് റിജില്‍ നാഷണല്‍ ബാങ്കിന്റെ ലിങ്ക് റോഡ് ശാഖയില്‍ ജോലിയില്‍ ഉണ്ടായിരുന്നത്. പിന്നീടാണ് എരഞ്ഞിപ്പാലം ശാഖയിലേക്ക് സ്ഥലം മാറിയത്.
കോഴിക്കോട് കോര്പറേഷന് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോഴാണ് വലിയ തട്ടിപ്പ് നടന്നതായി വ്യക്തമായത്. തുടക്കത്തില്‍ രണ്ടരക്കോടി നഷ്ടപ്പെട്ടുവെന്ന പരാതിയാണ് ഉണ്ടായിരുന്നത്. പിന്നീടാണ് കൂടുതല്‍പണം നഷ്ടപ്പെട്ടുവെന്ന് കാണിച്ച് വീണ്ടും കോര്പറേഷന് സെക്രട്ടറി പരാതി നല്‍കിയത്.
തട്ടിപ്പ് പണ്ടേ തുടങ്ങി
പിഎന്‍ബിയുടെ കോഴിക്കോട് ലിങ്ക് ശാഖയിലേക്ക് സെപ്റ്റംബര്‍ അവസാനവാരം കോര്പറേഷന് ചെക്ക് നല്‍കിയപ്പോഴാണ് അക്കൗണ്ടില്‍ പണമില്ലെന്ന് മനസിലാകുന്നത്.
ഒരുവിഭാഗം ജീവനക്കാരുടെ സാലറി അക്കൗണ്ടും വിവിധ സ്കീമുകളുടെയും കുടുംബശ്രീയുടെയും ഉള്‍പ്പെടെ 13 അക്കൗണ്ടുകളാണ് ഇവിടെ കോര്‍പറേഷനുള്ളത്. ഒരു അക്കൗണ്ടിൽനിന്നു ചെക്ക് മടങ്ങിയതോടെ കോര്പറേഷന് സ്റ്റേറ്റ് മെന്റ് ആവശ്യപ്പെട്ടു. ഇതോടെയാണ് തട്ടിപ്പ് വ്യക്തമായത്.
അതേസമയം തൊട്ടടുത്ത ദിവസംതന്നെ കോര്പറേഷന് അക്കൗണ്ടിലേക്ക് പണം മറ്റൊരു അക്കൗണ്ടില്‍നിന്ന് ഓട്ടോ ക്രെഡിറ്റാക്കി തല്കാലം പ്രശ്നം പരിഹരിച്ച് ബാങ്ക് ആഭ്യന്തര അന്വേഷണത്തിന് നടപടി തുടങ്ങി.
ബാങ്ക് മാനേജര്‍ വിഷ്ണു ടൗണ്‍ പോലീസില്‍ മുന്‍ ബാങ്ക് മാനേജര്‍ എം.പി. റിജിലിനെതിരേ പരാതി നല്കി. ഒക്ടോബര്‍ 12 മുതല്‍ ഡിസംബര്‍ 25 വരെയുള്ള കാലയളവില്‍ രണ്ടരലക്ഷേത്താളം രുപ നഷ്ടപ്പെട്ടുവെന്നായിരുന്നു പരാതി.
പിന്നീട് നടത്തിയ ഓഡിറ്റിംഗിലാണ് ഇതുമാത്രമല്ല പല അക്കൗണ്ടുകളിലും സമാനരീതിയിലുള്ള തട്ടിപ്പ് നടന്നതായി വ്യക്തമാകുന്നത്. ഒരോ അക്കൗണ്ടും കൃത്യമായി പരിശോധിച്ചപ്പോഴാണ് ഇത്രയും തുക നഷ്ടപ്പെട്ടതായി അറിയുന്നത്.