കോഴിക്കോട്: കോര്പറേഷന് അക്കൗണ്ടിലെ പണം ബാങ്ക് മാനേജര് വെട്ടിച്ച സംഭവത്തില് പ്രതിക്കൂട്ടിലായി കോര്പറേഷനും. എല്ലാം ബാങ്കിന്റെ തലയില് കെട്ടിവച്ച് ഒഴിഞ്ഞുമാറാന് കഴിയില്ലെന്നാണ് നിയമവിദഗ്ദര് ഉള്പ്പെടെ പറയുന്നത്.
മാസത്തിലൊരിക്കലെങ്കിലും തദ്ദേശഭരണ സ്ഥാപനങ്ങളിലെ അക്കൗണ്ടുകൾ തിട്ടപ്പെടുത്തണമെന്ന നിർദ്ദേശം അവഗണിച്ചതാണ് കോഴിക്കോട് കോര്പറേഷന് അക്കൗണ്ടില് നിന്ന് കോടികള് തട്ടാന് പഞ്ചാബ് നാഷണൽ ബാങ്ക് മാനേജര് എം.പി. റെജിലിന് വഴിയൊരുക്കിയത്. ബാങ്ക് അക്കൗണ്ടുകൾക്ക് പകരം ട്രഷറി അക്കൗണ്ടിൽ പണം നിക്ഷേപിക്കണമെന്ന നിർദ്ദേശവും ലംഘിക്കപ്പെട്ടു.
തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ നിത്യേന അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കാനാണ് കോഴിക്കോട് കോർപറേഷന്റെ തീരുമാനം.പഞ്ചാബ് നാഷണൽ ബാങ്ക് ഉൾപ്പെടെ വിവിധ ബാങ്കുകളിലായി കോഴിക്കോട് കോർപ്പറേഷന് ഉള്ളത് 50 ഓളം അക്കൗണ്ടുകളാണ്.
ഇതിൽ ഏഴ് അക്കൗണ്ടുകളിൽനിന്നാണ് പഞ്ചാബ് നാഷണൽ ബാങ്ക് മാനേജർ റെജില് പണം തട്ടിയത്. കോർപറേഷന്റെ വിവിധ അക്കൗണ്ടുകളിൽനിന്ന് റെജില് തന്റെ പിതാവായ രവീന്ദ്രന്റെ പഞ്ചാബ് നാഷണൽ ബാങ്കിൽ തന്നെയുള്ള അക്കൗണ്ടിലേക്ക് പണം മാറ്റാൻ തുടങ്ങിയിട്ട് മാസങ്ങളായെന്നാണ് പുറത്തുവരുന്ന വിവരം.
പിതാവിന്റെ അക്കൗണ്ടില്നിന്ന് റെജില് ആക്സിസ് ബാങ്കിലെ സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റിക്കൊണ്ടിരുന്നു. എന്നാല്, കോർപറേഷൻ അധികൃതർ ഇതൊന്നും അറിഞ്ഞതേയില്ല.
ഓഡിറ്റ് റിപ്പോര്ട്ടും പരിഗണിച്ചില്ല
തദ്ദേശഭരണ സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ മാസത്തിൽ ഒരിക്കലെങ്കിലും തിട്ടപ്പെടുത്തണമെന്നാണ് സര്ക്കാര് നിർദേശം. ഈ നിർദ്ദേശം പാലിച്ചിരുന്നെങ്കിൽ തട്ടിപ്പ് തുടക്കത്തിലേ കണ്ടെത്താമായിരുന്നു.
കോഴിക്കോട് കോർപറേഷനിലെ അക്കൗണ്ട് വിഭാഗത്തിന്റെ പോരായ്മകളെക്കുറിച്ച് കഴിഞ്ഞ വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് പറയുന്നത്, ആഴ്ചയിൽ ബാങ്ക് സ്റ്റേറ്റ്മെൻറ് എടുത്ത് അടവുകളെല്ലാം വന്നു എന്ന് ഉറപ്പിക്കേണ്ടതാണെങ്കിലും അത്തരമൊരു പ്രവർത്തി നടന്നതായി കാണുന്നില്ല എന്നാണ്.
ലഭിക്കുന്ന ചെക്കുകൾ പാസായോ എന്ന് ബാങ്കുകളിൽ വിളിച്ചു ചോദിക്കുന്ന രീതിയാണ് ഉള്ളത്. ഇക്കാരണത്താൽ നിത്യവരവ് അക്കൗണ്ടിൽ പണം ക്രെഡിറ്റ് ആയി എന്ന് പരിശോധിക്കുന്ന രീതിയില്ല എന്നും ഓഡിറ്റ് കുറ്റപ്പെടുത്തുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ ഈ പ്രശ്നങ്ങള് പരിഹരിക്കാൻ ഇനിമുതൽ അക്കൗണ്ട് എല്ലാ ദിവസവും പരിശോധിക്കുമെന്നായിരുന്നു ഇന്നലെ മേയർ നടത്തിയ പ്രതികരണം.
കൃത്രിമ സ്റ്റേറ്റ്മെന്റുകൾ ചമച്ചു; നഷ്ടപ്പെട്ടത് ഇടപാട് നടക്കാത്ത അക്കൗണ്ടിലെ പണം
കോര്പറേഷന്റെ അക്കൗണ്ടുകളില് വിശദപരിശോധന നടത്തുമെന്ന് മേയര് ബീന ഫിലിപ്പ്. തിരിമറി മാനേജറില് മാത്രം ഒതുങ്ങില്ല. കോഴിക്കോട് കോര്പറേഷന്റെ 15.24 കോടി രൂപ ബാങ്ക് തട്ടിച്ചു. ബാങ്കില് കൃത്രിമ സ്റ്റേറ്റ്മെന്റുകള് ചമച്ചു.
ഏറെനാളായി പണമിടപാട് നടക്കാത്ത അക്കൗണ്ടുകളിലാണ് തട്ടിപ്പുനടന്നത്. കോര്പറേഷന് ജീവനക്കാര്ക്ക് വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കുമെന്നും മേയര് പ്രതികരിച്ചു.
മൂന്നു ദിവസത്തിനകം കാര്യങ്ങളിൽ വ്യക്തത ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും ബാങ്കിനോട് കാര്യങ്ങൾ വ്യക്തമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മേയർ പ്രതികരിച്ചു.
18 ലക്ഷം കൂടി തട്ടിയെന്ന്
കോഴിക്കോട്: പഞ്ചാബ് നാഷണല് ബാങ്കിന്റെ ലിങ്ക് റോഡ് ശാഖയില് നിന്ന് പണം നഷ്ടപ്പെട്ടതായി പുതിയ പരാതി. 18 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കാണിച്ചാണ് കോഴിക്കോട് ടൗണ് പോലീസ് സ്റ്റേഷനില് പരാതി ലഭിച്ചിരിക്കുന്നത്.
തട്ടിപ്പ് മുൻ സീനിയർ മാനേജർ എം.പി. റിജിൽ ഒറ്റയ്ക്കാണ് നടത്തിയതെന്നാണ് പിഎന്ബി ചെന്നൈ സോണിന്റെ നേതൃത്വത്തില് നടത്തിയ അന്വേഷണത്തിലെ പ്രാഥമിക നിഗമനം.ബാങ്ക് അധികൃതര് തന്നെയാണ് പരാതി നല്കിയിരിക്കുന്നത്.