ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ട്രെയിനായ പഞ്ചാബ് മെയില്‍ സര്‍വീസ് ആരംഭിച്ചിട്ട് 105 വര്‍ഷം പിന്നിടുന്ന. ബോബെയില്‍ നിന്നും പാകിസ്ഥാനിലെ പെഷവാറിലേക്ക് സഞ്ചരിക്കുന്ന ട്രെയിനിന്റെ പ്രായം കണ്ടെത്താന്‍ സഹായിച്ചത് ഒരു യാത്രക്കാരന് നല്കിയ പരാതിയാണെന്നതാണ് പ്രധാന കൗതുകം.
എന്നാല്‍ പഞ്ചാബ് മെയില്‍ സര്‍വീസ് തുടങ്ങിയ കൃത്യമായ തീയതി ലഭ്യമല്ലെന്ന് സെന്‍ട്രല്‍ റെയില്‍വേ പറയുന്നു. ട്രെയിന്‍ വൈകുന്നെന്നു കാട്ടി 1912 ഒക്ടോബറില്‍ ഒരു യാത്രക്കാരന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണു ട്രെയിന്‍ സര്‍വീസ് തുടങ്ങിയ കാലം കണക്കുകൂട്ടിയിരിക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്രലബ്ധിക്കു മുമ്പ് ‘പഞ്ചാബ് ലിമിറ്റഡ്’ എന്നായിരുന്നു ട്രെയിനിന്റെ പേര്. 1912 ലായിരുന്നു ട്രെയിനിന്റെ കന്നിയാത്ര എന്നാണ് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്. നിശ്ചിത ദിവസങ്ങളില്‍ തപാല്‍ ഉരുപ്പടികളുമായി ആഗ്ര, ഡല്‍ഹി, അമൃത്സര്‍, ലാഹോര്‍ വഴി പെഷവാറിലെത്തുമ്പോള് 2496 കിലോമീറ്റര്‍ ട്രെയിന്‍ സഞ്ചരിച്ചിരിക്കും. 47 മണിക്കൂറായിരുന്നു അക്കാലത്തെ യാത്രാ സമയം. ആറ് കമ്പാര്‍ട്ട്മെന്റുകള്‍ ഉണ്ടായിരുന്ന ട്രെയിനില്‍ മൂന്നെണ്ണം യാത്രക്കാര്‍ക്കും മൂന്നെണ്ണം പോസ്റ്റല്‍, ചരക്ക് നീക്കത്തിനുമാണ് മാറ്റിവച്ചത്. യാത്ര ഉയര്‍ന്ന ക്ലാസുകാര്‍ക്കു മാത്രമായി നിജപ്പെടുത്തിയിരുന്നതിനാല് 96 പേര്‍ക്ക് യാത്ര ചെയ്യാവുന്ന കമ്പാര്‍ട്ടുമെന്റുകളില്‍ ആകെ മൂന്നു പേരാണ് കന്നിയാത്രയില്‍ അനുഗമിച്ചത്. എന്തായാലും ഏറെ നാളത്തെ ഒരു ചോദ്യത്തിനാണ് ഇതോട ഉത്തരമായത്.