അമൃത്സർ (പഞ്ചാബ്): പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയും അകാലിദൾ അധ്യക്ഷനും ലോക്സഭാംഗവുമായ സുഖ്ബീർ സിംഗ് ബാദലിനുനേരേ വധശ്രമം.
സുവർണക്ഷേത്രത്തിന്റെ പ്രവേശനകവാടത്തിൽതോക്കുധാരിയായ അക്രമി വെടിയുതിർക്കുകയായിരുന്നു. ഇന്നു രാവിലെ 9.30ന് സുവര്‍ണക്ഷേത്രത്തിൽ മതപരമായ ചടങ്ങുകള്‍ നടക്കുന്നതിനിടെയായിരുന്നു സംഭവം. തലനാരിഴയ്ക്കാണ് സുഖ്ബീർ സിംഗ് രക്ഷപ്പെട്ടത്.
അക്രമിയെ ജനക്കൂട്ടവും പോലീസും ചേർന്നു പിടികൂടി. ഖാലിസ്ഥാൻ ബന്ധമുള്ള നാരായൺ സിംഗ് ജോറ എന്നയാളാണ് പിടിയിലായതെന്നാണ് റിപ്പോർട്ട്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടുതവണ അക്രമി സുഖ്ബീർ സിംഗിനുനേരേ വെടിയുതിർത്തു.
ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിനരികിൽ വീൽ ചെയറിൽ ഇരിക്കുന്പോഴാണ് സുഖ്ബീര്‍ സിംഗിനെ വധിക്കാൻ ശ്രമിച്ചത്. മതപരമായ ശിക്ഷാവിധി അനുസരിക്കാനാണ് സുഖ്ബീർ സിംഗ് സുവർണക്ഷേത്രത്തിലെത്തിയത്. പാത്രങ്ങളും ചെരിപ്പുകളും വൃത്തിയാക്കുകയായിരുന്നു ശിക്ഷാവിധി.
പ്രവേശന കവാടത്തിന്റെ ചുവരിലാണു വെടിയുണ്ടകള്‍ പതിച്ചത്. ആർക്കും പരിക്കുപറ്റിയിട്ടില്ല. സുഖ്ബീർ സിംഗിനെ പോലീസ് പിന്നീടു സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. അഞ്ചുതവണ പഞ്ചാബ് മുഖ്യമന്ത്രിയും നിലവിൽ ഫിറോസ്പുർ ലോക്സഭാ മണ്ഡലത്തിൽനിന്നുള്ള എംപിയുമായ പ്രകാശ് സിംഗ് ബാദലിന്റെ മകനാണ് സുഖ്ബീർ സിംഗ് ബാദൽ.