റിലീസായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മനസില്‍ മായാതെ നില്ക്കുന്ന സിനിമയാണ് പഞ്ചാബി ഹൗസ്. ആ സിനിമയുടെ പിന്നാമ്പുറ കഥകള്‍ പോലും പൊട്ടിച്ചിരിപ്പിക്കുന്നതാണ്. സിനിമയുടെ രസകരമായ പിന്നാമ്പുറ കഥകള്‍ റാഫി മെക്കാര്‍ട്ടിന്‍ ഒരഭിമുഖത്തില്‍ പങ്കുവച്ചിരുന്നു.
ഒരു സിനിമ വിജയിച്ചാല്‍ അതു സംവിധായകന്റെ കഴിവാണ്, തിരക്കഥയുടെ ശക്തിയാണ്, നടന്റെ അഭിനയമികവാണ് എന്നൊക്കെ ആള്‍ക്കാരു പറയും. എന്നാല്‍ പഞ്ചാബിഹൗസിന്റെ വിജയരഹസ്യം അതിന്റെ നിര്‍മാതാക്കളായ സാഗാ അപ്പച്ചനും എ.കെ.പി. ആന്റണിയുമാണ്.
പഞ്ചാബി ഹൗസിലെ തമാശ സീനുകളെക്കുറിച്ചു പറയുമ്പോള്‍ ആമുഖമായി നിര്‍മാതാക്കളുടെ കാര്യം പറയണം. അതിനു കാരണമുണ്ട് . അന്ന് ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റ് വാല്യു ഉള്ള, ഹ്യൂമര്‍ കൈകാര്യം ചെയ്യുന്ന നടന് ജയറാമാണ്. മഞ്ജു വാര്യരും ദിവ്യാ ഉണ്ണിയും പ്രതാപത്തോടെ നില്ക്കുന്നു.
അതുകൊണ്ടു പഞ്ചാബി ഹൗസിലും ഞങ്ങള്‍ക്കു മുന്നില്‍ മറ്റൊരു ഓപ്ഷന് ഉണ്ടായിരുന്നില്ല.ഹരിശ്രീ അശോകന്റെയും കൊച്ചിന് ഹനീഫയുടെയും സ്ഥാനത്ത് ജഗതിയെയും ഇന്നസെന്റിനെയുമായിരുന്നു ആദ്യം നിശ്ചയിച്ചത്. ജഗതിയില്ലാത്ത മലയാളസിനിമയെക്കുറിച്ചു ചിന്തിക്കാന്‍ പറ്റാത്ത കാലം.
ജയറാമിനെയും ഇന്നസെന്റിനെയും ജഗതിയെയും വച്ചു സിനിമ ചെയ്യുകയാണെങ്കില്‍ സിനിമ വിജയിക്കും എന്ന് ഉറപ്പായിരുന്നു. നായകനും നായികയും വന്ന വഴി കഥയുടെ ഘടനയില്‍ കൂടുതല്‍ പുരോഗതിയുണ്ടായപ്പോഴാണ് നടന്മാരുടെ കാര്യത്തില്‍ ഞങ്ങള്‍ ചില തീരുമാനങ്ങളെടുത്തത്.
തടിമാടന്മാരായ പഞ്ചാബികളുടെ ഇടയില്പ്പെട്ടുപോകുന്ന ഒരു സാധു ചെറുപ്പക്കാരനാണ് നായകന്. ആറടി ഉയരമുള്ള ജയറാം പക്ഷേ, അത്രയ്ക്കും ദുര്‍ബലനാവാന്‍ കഴിയില്ല. അങ്ങനെയാണ് ഞങ്ങള്‍ ദിലീപിലേക്ക് എത്തുന്നത്.ദിലീപിന് അന്ന് സിനിമയില്‍ തിരക്കായി വരുന്നതേയുള്ളൂ.
അതുപോലെ മഞ്ജുവാരിയര്‍ സമ്മര്‍ ഇന്‍ ബത്ലഹേമില് അഭിനയിക്കാന്‍ പോയി. ദിവ്യ ഉണ്ണി വേറെ ഏതോ സിനിമയുടെ തിരക്കിലും. അങ്ങനെ ദിലീപിനെ നായകനാക്കാന്‍ തീരുമാനിച്ചു. പിന്നെയുള്ളത് ഇന്നസെന്റും ജഗതിയുമാണ്. അവരുടെ തിരക്കുവച്ച് അഞ്ചു ദിവസം കിട്ടിയാല്‍ തന്നെ ഭാഗ്യം.
ഞങ്ങള്‍ക്കാണെങ്കില്‍ അതുപോരാ. അങ്ങനെ കൊച്ചിന് ഹനീഫയിലും ഹരിശ്രീ അശോകനിലും ഞങ്ങള്‍ എത്തി. സിദ്ദിഖ്-ലാലിലെ ലാലേട്ടനും ഉണ്ടായിരുന്നു ഒരു മെയിന്‍ വേഷം. ലാലേട്ടന് കളിയാട്ടം മാത്രമേ ചെയ്തിട്ടുള്ളൂ അന്നേവരെ.എഴുപുന്നയിലും പരിസരപ്രദേശങ്ങളിലുമായിട്ടായിരുന്നു ഒട്ടുമിക്ക ഭാഗങ്ങളുടെയും ഷൂട്ടിംഗ്.
അവിടെ നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള ഒരു വീടുണ്ടായിരുന്നു. ആ വീടും അതിനോടു ചേര്‍ന്നുമാണ് സെറ്റിട്ടത്. ദിലീപിന്റെ വീടും അവിടെത്തന്നെയായിരുന്നു.
ഈ വീടുമായി ബന്ധപ്പെട്ട മറ്റൊരു കൗതുകം പതിറ്റാണ്ടുകള്‍ക്ക് ഇപ്പുറം ടു കണ്ട്രീസ് എന്ന സിനിമയില്‍ ദിലീപിന്റെ വീടായതും ഇതു തന്നെയാണ്. രണ്ടു സിനിമകളും വലിയ ഹിറ്റായിരുന്നു എന്നതു മറ്റൊരു സന്തോഷം.
പഞ്ചാബി ഹൗസ് റിലീസ് ചെയ്തു. നന്നായി ഓടി. ഞങ്ങള്‍ തിയറ്ററില്‍ സിനിമയ്ക്കു പോയത് കൊച്ചിന് ഹനീഫയോടൊപ്പമാണ്. കൊച്ചിയിലെ ഷേണായീസ് തിയറ്ററില്‍ ഒരു ചെറിയ ക്യാബിന് ഉണ്ട്. അവിടെയിരുന്നാണു കണ്ടത്.
സിനിമ തുടങ്ങിയതു മുതല്‍ തീരുന്നതു വരെ തിയറ്ററില്‍ ഏറ്റവും ഉച്ചത്തില്‍ ചിരിച്ചത് ഹനീഫിക്കയായിരുന്നു. ഇക്ക അഭിനയിച്ച സീനുകള്‍ വരുമ്പോള്‍ പോലും മറ്റാരോ ആണ് അഭിനയിക്കുന്നത് എന്ന ധാരണയോടെ അദ്ദേഹം സിനിമ ആസ്വദിച്ചു.
കാലം ഒരുപാടു കഴിഞ്ഞിട്ടും ആ ചിരി ഇപ്പോഴും കേള്‍ക്കും പോലെ – റാഫി മെക്കാര്‍ട്ടിന്‍ അഭിമുഖത്തില്‍ പറഞ്ഞു.
-പിജി