പഞ്ചാബിഹൗസില്‍ നായകനായി ആദ്യം തീരുമാനിച്ചത് ജയറാമിനെ, രമണനായി വരേണ്ടിയിരുന്നത് ജഗതിയും, മഞ്ജുവാര്യര്‍ മാറി മോഹിനി വന്നതെങ്ങനെ, രഹസ്യങ്ങള്‍ തുറന്നുപറഞ്ഞ് റാഫി മെക്കാര്‍ട്ടിന്‍

മലയാളത്തിലെ ഏക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ് പഞ്ചാബിഹൗസ്. തിയറ്ററില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത ചിത്രം ദിലീപിന് വലിയ ബ്രേക്കാണ് നല്കിയത്. ഹരിശ്രീ അശോകന്റെ രമണന്‍ എന്ന കഥാപാത്രവും ഏറെപേര്‍ ഇപ്പോഴും ചര്‍ച്ച ചെയ്യാറുണ്ട്. എന്നാല്‍ ആ ചിത്രത്തിന്റെ അണിയറ രഹസ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവിടുകയാണ് സംവിധായകരായ റാഫിയും മെക്കാര്‍ട്ടിനും.

പഞ്ചാബിഹൗസില്‍ ആദ്യം കേന്ദ്ര കഥാപാത്രങ്ങളായി നിശ്ചയിച്ചിരുന്നത് ജയറാം, മഞ്ജു വാര്യര്‍, ജഗതി, ഇന്നസെന്റ് എന്നിവരെയായിരുന്നു. എന്നാല്‍ പിന്നീട് നറുക്ക് ദിലീപിന് വീഴുകയായിരുന്നു. അന്ന് ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റ് വാല്യു ഉള്ള, ഹ്യൂമര്‍ കൈകാര്യം ചെയ്യുന്ന നടന്‍ ജയറാമാണ്. മഞ്ജുവാരിയരും ദിവ്യാ ഉണ്ണിയും പ്രതാപത്തോടെ നില്‍ക്കുന്നു. അതുകൊണ്ടു പഞ്ചാബി ഹൗസിലും ഞങ്ങള്‍ക്കു മുന്നില്‍ മറ്റൊരു ഓപ്ഷന്‍ ഉണ്ടായിരുന്നില്ല.

ഹരിശ്രീ അശോകന്റെയും കൊച്ചിന്‍ ഹനീഫയുടെയും സ്ഥാനത്ത് ജഗതിയെയും ഇന്നസെന്റിനെയുമായിരുന്നു ആദ്യം നിശ്ചയിച്ചത്. ജഗതിയില്ലാത്ത മലയാള സിനിമയെക്കുറിച്ചു ചിന്തിക്കാന്‍ പറ്റാത്ത കാലം. കഥ എഴുതി വന്നപ്പോഴാണ് അഭിനേതാക്കളുടെ കാര്യത്തില്‍ തീരുമാനമായത്. വലിയ ശരീരമുള്ള പഞ്ചാബികളുടെ ഇടയില്‍ പെട്ടു പോകുന്ന സാധുവാണ് നായകന്‍. എന്നാല്‍ ജയറാമിന് ആറടി ഉയരമുള്ളതിനാല്‍ അദ്ദേഹത്തിന് അത്രയും ദുര്‍ബലനാവാന്‍ സാധിക്കില്ല. അങ്ങനെയാണ് സിനിമയില്‍ ദിലീപിനെ പരിഗണിച്ചത്.

നായികയായി ഞങ്ങളുടെ മുന്നില്‍ രണ്ട് ഓപ്ഷനുകളായിരുന്നു. മഞ്ജു വാര്യരോ ദിവ്യ ഉണ്ണിയോ നായികയാകണമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ സമ്മര്‍ ഇന്‍ ബേത്ലഹേം എന്ന സിനിമയുടെ തിരക്കിലായിരുന്നു മഞ്ജു. മറ്റേതോ ചിത്രത്തിന്റെ തിരക്കിലായിരുന്നു ദിവ്യയും. ഇന്നസെന്റിനേയും ജഗതിയേയും വച്ച് എടുക്കാന്‍ തീരുമാനിച്ചിരുന്ന കഥാപാത്രങ്ങള്‍ ഒടുവില്‍ കൊച്ചിന്‍ ഹനീഫയിലും ഹരിശ്രീ അശോകനിലും എത്തി.

ആലപ്പുഴ ജില്ലയിലായിരുന്നു ഷൂട്ടിംഗ്. അവിടെ ഏഴുപുന്നയിലുള്ള 100 വര്‍ഷം പഴക്കമുള്ള വീട്ടില്‍ ഷൂട്ടിങ് നടത്തി. ഇവിടെ വേറെ സെറ്റും ഇട്ടിരുന്നു. ഇതിന് സമീപം തന്നെയായിരുന്നു ദിലീപിന്റെ വീടും. മാത്രമല്ല പഞ്ചാബി ഹൗസ് കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കിപ്പുറം ടു കണ്‍ട്രീസ് എന്ന ചിത്രവും ഇവിടെ തന്നെയാണ് ചിത്രീകരിച്ചത്. രണ്ടും വിജയ ചിത്രങ്ങള്‍.

1998 സെപ്റ്റംബര്‍ നാലിനാണ് ആ സിനിമ ഇറങ്ങിയത്. പഞ്ചാബിഹൗസ് ഏറെ ഗുണം ചെയ്ത നടന്‍ ഹരിശ്രീ അശോകന് പറയാനുള്ളത് ഇങ്ങനെ- ഞാന്‍ അഭിനയിച്ച സിനിമകളില്‍ ഇതിലും മികച്ചത് ഉണ്ടായിട്ടില്ലെന്നാണ് കരുതുന്നത്. കാരണം ലോകത്ത് എവിടെ ചെന്നാലും അവിടെയുള്ള മലയാളികള്‍ എല്ലാം ഒരേശബ്ദത്തില്‍ പറയുന്ന വാക്കുകളില്‍ ഒന്നാണ് പഞ്ചാബി ഹൗസിലെ രമണന്‍ എന്ന കഥാപാത്രവും സിനിമയും.

രമണന്‍ എന്ന കഥാപാത്രം അന്ന് എനിക്ക് നായകന്‍ ആയിരുന്നു. ഞാന്‍ ചെയ്ത സിനിമകളിലെ ഒരു ഹീറോ. അത് ഇന്നും ജനങ്ങളുടെ മനസില്‍ നില്‍ക്കുന്നുവെന്ന് പറയുമ്പോള്‍ വലിയ കാര്യമാണ്. അതുപോലെയുള്ള വേഷം ഇനിയും നിങ്ങള്‍ ചെയ്യുന്നില്ലേ എന്നും അങ്ങനെയുള്ള വേഷം ചെയ്തൂടെ എന്നും ചോദിക്കുക എന്നത് എനിക്ക് അന്ന് കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ്. ഇന്നും ആ കഥാപാത്രം മായാതെ നില്‍ക്കുന്നുവെന്ന സന്തോഷം തന്നെയാണ് അത് അവതരിപ്പിച്ചപ്പോഴും എനിക്ക് ലഭിച്ചത്- ഒരു അഭിമുഖത്തില്‍ ഹരിശ്രീ അശോകന്‍ പറഞ്ഞു.

Related posts