ഇടനിലക്കാരന്‍ 3.5 വാങ്ങി അറബികുടുംബത്തിന് വിറ്റു; ഒടുവില്‍ തുണയായത് മലയാളി നഴ്‌സും സുഷമയും; അറബിനാട്ടിലെ അടിമജീവിതത്തില്‍ നിന്നും പഞ്ചാബി സ്ത്രീയ്ക്ക് മോചനം ലഭിച്ചതിങ്ങനെ…

bbbb600അമൃത്‌സര്‍: മലയാളിയായ നഴ്‌സും വിദേശകാര്യമന്ത്രിയായ സുഷമാ സ്വരാജും തുണച്ചപ്പോള്‍ അറബിനാട്ടിലെ അടിമ ജീവിതത്തില്‍ നിന്ന് പഞ്ചാബി സ്ത്രീയ്ക്ക് മോചനം. ജലന്ധര്‍ സ്വദേശിയായ സുഖ്വന്ത് കൗര്‍ എന്ന 55 കാരിയാണ് മരണത്തെ മുഖാമുഖം കണ്ട അഞ്ചുമാസത്തെ അടിമജീവിതത്തിനു ശേഷം സ്വന്തം നാട്ടില്‍ തിരിച്ചെത്തിയത്. എന്നാല്‍, സുഖ്വന്തിന്റെ മോചനത്തിന് സഹായിച്ച ആ മലയാളി നഴ്സ് ആരാണ് എന്നത് വ്യക്തമല്ല. ദ്രാരിദ്ര്യം കൊണ്ടു പൊറുതിമുട്ടിയപ്പോഴാണ് മറ്റെല്ലാവരെയും പോലെ വിദേശത്ത് ജോലി തേടി പോകാന്‍ സുഖ് വന്ത് തീരുമാനിക്കുന്നത്. ഭര്‍ത്താവ് കുല്‍വന്ത് സിംഗിന്റെ തുച്ഛമായ വരുമാനം ഒന്നിനും തികയുമായിരുന്നില്ല. വീട്ടുവേലക്കാരിയുടെ ജോലി നല്‍കാമെന്നു പറഞ്ഞ് ഒരു ഇടനിലക്കാരന്‍ വഴിയാണ് അവര്‍ സൗദി അറേബ്യയിലെത്തുന്നത്. ഇതിനായി സുഖ്വന്തില്‍നിന്ന് 40,000 രൂപയും ഇയാള്‍ വാങ്ങി.

എന്നാല്‍ സൗദിയിലെത്തിയപ്പോള്‍ ഇടനിലക്കാരന്റെ സ്വഭാവം മാറി. 3.5 രൂപ വാങ്ങി ഇവരെ അയാള്‍ ഒരു അറബി കുടുംബത്തിനു വില്‍ക്കുകയായിരുന്നു.
കഴിഞ്ഞ ജനുവരിയിലാണ് സുഖ്വന്ത് സൗദി അറേബ്യയിലെത്തുന്നത്. അന്നുമുതല്‍ അടിമയ്ക്കു തുല്യമായ ജീവിതമായിരുന്നു സുഖ്വന്തിന്റേത്. വീട്ടുകാരില്‍ നിന്ന് ക്രൂരമായ പീഡനമാണ് സുഖ്‌വന്തിന് നേരിടേണ്ടി വന്നത്. ആവശ്യത്തിനുള്ള ഭക്ഷണം പോലും നല്‍കിയിരുന്നില്ല.ഒടുവില്‍ മൃതപ്രായയായതിനെത്തുടര്‍ന്ന് സുഖ്വന്തിനെ വീട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സ്വന്തം വീട്ടുകാരുമായി ബന്ധപ്പെടാനോ തന്റെ അവസ്ഥ അറിയിക്കാനോ ഉള്ള യാതൊരു സാഹചര്യവും ഉണ്ടായിരുന്നില്ലെന്ന് അവര്‍ പറയുന്നു.

സൗദിയിലേക്കു പോയതിന്റെ ആദ്യ നാളുകളില്‍ സുഖ്‌വന്ത് വീട്ടിലേക്ക് നിരന്തരമായി ഫോണ്‍ ചെയ്യുമായിരുന്നു. ഫോണ്‍ വിളി പെട്ടെന്നു നിലച്ചത് ഭര്‍ത്താവ് കുല്‍വന്തിനെ പരിഭ്രാന്തനാക്കി. അങ്ങനെയിരിക്കെയാണ് യുഎഇയിലെ ഒരു ആശുപത്രിയില്‍നിന്ന് കുല്‍വന്തിന് ഒരു ഫോണ്‍കോള്‍ വരുന്നത്. ഭാര്യ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്നായിരുന്നു ഫോണ്‍ ചെയ്തയാള്‍ പറഞ്ഞത്. എന്നാല്‍ എന്തുചെയ്യണമെന്ന് കുല്‍വന്തിന് അറിയുമായിരുന്നില്ല. ചില സുഹൃത്തുക്കളുടെ നിര്‍ദ്ദേശപ്രകാരമാണ് കുല്‍വന്ത് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് ഒരു ട്വിറ്റര്‍ സന്ദേശമയയ്ക്കുന്നത്. കുല്‍വന്തിനെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് ഉടന്‍ തന്നെ മന്ത്രിയുടെ സമാധാനിപ്പിക്കുന്ന മറുപടി ലഭിച്ചു. അതിനു ശേഷം 24-ാം ദിവസം സുഖ്വന്ത് വീട്ടിലെത്തി.

പൂജ എന്ന ട്രാവല്‍ ഏജന്റാണ് തന്നെ സൗദിയിലേക്കു കൊണ്ടു പോയതെന്ന് സുഖ്‌വന്ത് പറയുന്നു. രോഗാതുരയായി ആശുപത്രിയില്‍ പ്രവശിപ്പിക്കപ്പെട്ട സുഖ്വന്ത് ആശുപത്രിയില്‍ വെച്ച് ഒരു മലയാളി നഴ്സിനെ പരിചയപ്പെട്ടു. വിവരങ്ങള്‍ അറിഞ്ഞ ആ നഴ്സാണ് സുഖ്വന്തിന്റെ അവസ്ഥ നാട്ടിലുള്ള ഭര്‍ത്താവിനെ വിളിച്ചറിയിക്കുന്നത്. ഇതാണ്. പിന്നീട് സുഖ്വന്തിന്റെ മോചനത്തിന് വഴിയൊരുക്കിയതും. സുഷമാ സ്വരാജിന്റെ ഇടപെല്‍ മൂലം സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ സുഖ്വന്തിനെ കണ്ടെത്തുകയും നാട്ടിലെത്തിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം മുംബൈയില്‍ വിമാനമിറങ്ങിയ സുഖ്വന്തിന് അമൃത്‌സറില്‍ എത്താനുള്ള എല്ലാ സൗകര്യവും അധികൃതര്‍ ഒരുക്കിയിരുന്നു. സുഖ്വന്തിനെ വില്‍പന നടത്തിയ ഇടനിലക്കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

‘ഇത് തന്റെ രണ്ടാം ജന്മമാണ്. ഒരിക്കലും ആ മരണക്കെണിയില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയുമെന്ന് കരുതിയതല്ല’- തനിക്ക് നേരിടേണ്ടിവന്ന ഭീകരാനുഭവങ്ങളുടെ ഭീതി വിട്ടുമാറാതെ സുഖ്വന്ത് പറയുന്നു. തനിക്ക് നാട്ടിലെത്താനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തുതന്ന മന്ത്രി സുഷമാ സ്വരാജിനോട് പറഞ്ഞാല്‍ തീരാത്ത നന്ദിയുണ്ടെന്ന് സുഖ്വന്ത് പറയുന്നു. പിന്നെ തീര്‍ത്താല്‍ തീരാത്ത നന്ദിയുള്ളത് തന്റ മോചനത്തിന് വഴിയൊരുക്കിയ ആ മലയാളി നഴ്സിനോടാണെന്നും സുഖ്‌വന്ത് പറയുന്നു.

Related posts