കോതമംഗലം: പുന്നേക്കാട് ജംഗ്ഷനിൽ പുറന്പോക്ക് കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ സർവേ നടപടികൾ പൂർത്തീകരിച്ചു. കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പാണ് നടപടികൾ സ്വീകരിക്കുന്നത്. തുടർ നടപടികൾ ഉടൻ ഉണ്ടായേക്കും.
മുന്പ് നൽകിയ നോട്ടീസ് സ്റ്റേ ചെയ്യാൻ കെട്ടിട ഉടമകൾ
ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ല. തുടർന്നാണ് താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ പുറന്പോക്ക് അളന്ന് തിരിച്ചത്. പൊതുമരാമത്ത് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. ആശുപത്രിപടി മുതൽ പബ്ലിക് ലൈബ്രറിവരെയാണ് പുറന്പോക്ക് അളന്നത്. 15ഓളം കെട്ടിടങ്ങളാണ് ഈ ഭാഗത്തുള്ളത്.
ഒന്നരമീറ്റർ മുതൽ ഒൻപത് മീറ്റർവരെ പുറന്പോക്ക് കൈയേറ്റമാണ് കണ്ടെത്തിയിരിക്കുന്നത്. ചില കെട്ടിടങ്ങൾ പൂർണമായി പൊളിക്കേണ്ടിവരും. പുറന്പോക്ക് ഒഴിപ്പിക്കാനുള്ള ഇപ്പോഴത്തെ നീക്കത്തിൽ വ്യാപാരികൾക്ക് അമർഷമുണ്ട്. സർവേ നടക്കുന്നതിനിടെ വ്യാപാരികൾ അത് പ്രകടിപ്പിക്കുകയും ചെയ്തു.
എന്നാൽ സിപിഎം പ്രവർത്തകർ സർവേയ്ക്ക് പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ 2008ൽ കീരന്പാറ പഞ്ചായത്ത് കമ്മിറ്റിയാണ് പുറന്പോക്ക ഒഴിപ്പിക്കണമെന്ന് പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടത്. തുടർന്നാണ് നടപടികൾ ആരംഭിച്ചത്. സിപിഎം ലോക്കൽ കമ്മറ്റി ഇടപെട്ടതോടെയാണ് ഇപ്പോൾ ഒഴിപ്പിക്കൽ നടപടികൾ വേഗത്തിലാകുന്നത്.