മങ്കൊമ്പ് : കൈനകരിയിലെ ഗുണ്ടാത്തലവനെ വീട്ടിൽ കയറി അടിച്ചുകൊന്ന കേസുമായി ബന്ധപ്പെട്ടു നാലു പ്രതികളെ കസ്റ്റഡിയിലെടുത്തു. രണ്ടു കൊലപാതകങ്ങൾ അടക്കം 25 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ പുന്നമട അഭിലാഷാ(42)ണ് കൊല്ലപ്പെട്ടത്.
കേസുമായി ബന്ധപ്പെട്ടു കൈനകരി സ്വദേശികളായ നാലുപേരെയാണ് അമ്പലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് കസ്റ്റഡിയിലെടുത്തത്. കൈനകരി മഴുവൻ ചേരിച്ചിറയിൽ മനോഹരന്റെ മകൻ മജു (29), കൈനകരി അത്തിത്തറയിൽ മത്തായിയുടെ മകൻ ജയേഷ് (34) ജയേഷിന്റെ സഹോദരൻ അജേഷ് (31), കൈനകരി അത്തിത്തറയിൽ ബാബുവിന്റെ മകൻ സുരേഷ് (28) എന്നിവരാണ് പോലീസ് പിടിയിലായതെന്നാണ് സൂചന.
ദേഹോപദ്രവം ഏൽപ്പിക്കാൻ കരുതിക്കൂട്ടി എത്തിയ സംഘത്തിന്റെ മർദ്ദനമാണ് മരണകാരണമെന്നും പോസ്റ്റ്മാർട്ടം റിപ്പോർട്ട് കിട്ടിയാലേ കൃത്യമായി മരണകാരണം പറയാൻ കഴിയുകയുള്ളൂവെന്നും അന്വേഷണച്ചുുമതലമുള്ള അമ്പലപ്പുഴ ഡി വൈ എസ് പി സുരേഷ് കുമാർ പറഞ്ഞു.
ഞായറാഴ്ച രാത്രി 12.15 ഓടെ അഭിലാഷിന്റെ ഭാര്യ വീടായ കൈനകരി തോവർകാട്-വെള്ളാമത്ര റോഡിനു സമീപത്തെ വീട്ടിൽ വച്ചായിരുന്നു സംഭവം നടന്നത്. നേരത്തെ അഭിലാഷിന്റെ സംഘത്തിലെ അംഗവും, നിരവധി കേസുകളിൽ പ്രതിയുമായ ആളുടെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിൽ കയറി ആക്രമിച്ചത്.
വടിയുപയോഗിച്ചുള്ള മർദ്ദനത്തിൽ അവശനായ അഭിലാഷിനെ ഭാര്യ ദീപ്തി ആലപ്പുഴ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.നെടുമുടി, ആലപ്പുഴ നോർത്ത് സ്റ്റേഷനുകളിൽ രണ്ട് കൊലപാതകക്കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട അഭിലാഷ്.
പുളിങ്കുന്ന്, നെടുമുടി, ആലപ്പുഴ സൗത്ത്, നോർത്ത് സ്റ്റേഷനുകളിലായി ഇരുപത്തഞ്ചോളം കേസുകളുണ്ട്. കുട്ടനാട്ടിൽ മാത്രം അഭിലാഷിനെതിരെ പതിനഞ്ച് കേസുകളാണ് ഉള്ളത്. കൈനകരിയിൽ, അനിയൻ എന്നയാളെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ കഴിഞ്ഞു നിൽക്കുകയായിരുന്നു.
എന്നാൽ സംഭവത്തിൽ രാഷ്ട്രീയ ബന്ധവും ആരോപിക്കപ്പെടുന്നുണ്ട്. മരിച്ച അഭിലാഷ് ബിജെപി അനുഭാവിയായിരുന്നു. കേസിലെ പ്രതികൾ ഡിവൈഎഫ്ഐ പ്രവർത്തകരാണ്.
തെരഞ്ഞെടുപ്പിന്റെ തലേന്ന് കൈനകരിയിൽ സിപിഎം, ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ തുടർച്ചയാണ് ആക്രമണത്തിനിടയായതെന്നുമാണ് പറയപ്പെടുന്നത്. മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.