ആലപ്പുഴ: പുന്നപ്ര-വയലാർ സ്മൃതിമണ്ഡപത്തിൽ ആലപ്പുഴയിലെ ബിജെപി സ്ഥാനാർഥി പുഷ്പാർച്ചന നടത്തിയത് പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് തൊട്ടുമുൻപാണ് സ്ഥാനാർഥി സന്ദീപ് വചസ്പതി പ്രവർത്തകർക്കൊപ്പം എത്തി സ്മാരകത്തിൽ പുഷ്പങ്ങൾ അർപ്പിച്ചത്.
ബിജെപിയുടെ രാഷ്ട്രീയ മുദ്രാവാക്യം ഉയർത്തിയായിരുന്നു സ്ഥാനാർഥിയുടെ പുഷ്പവൃഷ്ടി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വഞ്ചനയുടെ പ്രതീകമാണ് രക്തസാക്ഷി മണ്ഡപമെന്ന് സന്ദീപ് ആരോപിച്ചു.
തെറ്റിദ്ധരിച്ചാണ് രക്തസാക്ഷികളായവർ പുന്നപ്ര-വയലാർ സമരത്തിൽ പങ്കെടുക്കാനെത്തിയത്. മുതിരയിട്ട് വെടിവയ്ക്കുമെന്നായിരുന്നു നേതാക്കൾ ഇവരെ തെറ്റിദ്ധരിപ്പിച്ചത്. സാധാരണക്കാരെ തോക്കിൻ മുനയിലേക്ക് ബോധപൂർവം തള്ളിവിടുകയായിരുന്നുവെന്നും ബിജെപി സ്ഥാനാർഥി ആരോപിച്ചു.
വെടിവയ്പ്പിൽ മരിച്ച ആളുകളുടെ കൃത്യമായ കണക്കുപോലും കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പക്കലില്ല. കമ്മ്യൂണിസ്റ്റ് നേതാക്കളുടെ വഞ്ചനയിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരമർപ്പിക്കാനാണ് താനെത്തിയതെന്നും സന്ദീപ് വ്യക്തമാക്കി.
അതേസമയം ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള നീക്കമാണ് ബിജെപി സ്ഥാനാർഥിയുടേതെന്നും പുന്നപ്ര-വയലാർ രക്തസാക്ഷികളെ ബിജെപി അപമാനിച്ചുവെന്നും എൽഡിഎഫ് സ്ഥാനാർഥി പി.പി.ചിത്തരഞ്ജൻ ആരോപിച്ചു. സംഭവത്തിൽ ബിജെപി സ്ഥാനാർഥിക്കെതിരേ പരാതി നൽകാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്.