ചേർത്തല: പുന്നപ്ര വയലാർ രക്തസാക്ഷിത്വ വാരാചരണത്തിന്റെ സമാപനം നാളെ വയലാറിൽ നടക്കും. രാവിലെ ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് വി.എസ് അച്യുതാനന്ദനും മേനാശ്ശേരിയിൽനിന്ന് കെ.കെ ഗംഗാധരനും കൊളുത്തുന്ന ദീപശിഖ പതിനൊന്നിന് വയലാറിലെത്തും. വാരാചരണ കമ്മിറ്റി പ്രസിഡന്റ് എൻ.എസ് ശിവപ്രസാദ് ദീപശിഖകൾ ഏറ്റുവാങ്ങി മണ്ഡപത്തിൽ സ്ഥാപിക്കും.
മൂന്നിനു നടക്കുന്ന വയലാർ അനുസ്മരണത്തിൽ വിദ്വാൻ കെ.രാമകൃഷ്ണൻ അധ്യക്ഷനാകും. ഏഴാച്ചേരിരാമചന്ദ്രൻ, ആലങ്കോട് ലീലാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. അഞ്ചിനാണ് പൊതുസമ്മേളനം. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സമാപന പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്നില്ല.
മുഖ്യമന്ത്രി ഒൗദ്യോഗിക തിരക്കുകളും കോടിയേരിയും കാനവും ജനജാഗ്രതാ ജാഥയിലുമായ സാഹചര്യത്തിലാണ് സമ്മേളനത്തിൽ പങ്കെടുക്കാത്തത്.സിപിഎം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്.രാമചന്ദ്രൻപിള്ളയും എം.എ ബേബിയും സിപിഐ യിൽ നിന്ന് ദേശീയ എക്സിക്യൂട്ടീവ് അംഗം പന്ന്യൻ രവീന്ദ്രൻ, കെ.ഇ ഇസ്മയിൽ തുടങ്ങിയവരും പങ്കെടുക്കും.
മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി മുൻനിരനേതാക്കളുടെ അഭാവം സമാപന സമ്മേളനത്തിന്റെ പൊലിമ കുറയ്ക്കാതിരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് വിവരം. ഇതേ തുടർന്ന് സംഘാടകസമിതിയിലെ ചിലർ മുൻനിരനേതാക്കളെ സമ്മേളനത്തിൽ എത്തിക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്.